നെടുങ്കണ്ടം കസ്റ്റഡിമരണം: കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

By Web TeamFirst Published Jul 6, 2019, 6:09 AM IST
Highlights

രാജ്കുമാറിനെ മർദ്ദിച്ചതിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കെന്ന് ക്രൈംബ്രാഞ്ച്. പീരുമേട് ജയിൽ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ഡിഐജിയുടെ അന്വേഷണം തുടരുന്നു.

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു.  

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നൽകുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മർദ്ദനത്തിൽ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് സൂചന. ഇവരിൽ നിന്ന് മൊഴിയെടുക്കൽ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. 

ഈ രണ്ട് പ്രതികളാണ് രാജ്കുമാറിനെ കൂടുതൽ മർദ്ദിച്ചത്. ഇതിനാൽ അത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണസംഘം. അതേസമയം, പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ജയിൽ ഡിഐജിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ ആയി ഇതിന്‍റെ റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിക്കും.

ഇതിനിടെ, കേസിൽ റിമാൻഡിലുള്ള എസ്ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിലെ മൂന്നാം പ്രതിയായ മഞ്ജുവും ഭർത്താവ് അജിയും പറഞ്ഞ ചില പേരുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം. 

click me!