കൊവിഡ് നിരീക്ഷണത്തിലായിരുന്നയാളെ നടുറോഡിലിട്ട് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

By Web TeamFirst Published May 1, 2021, 12:14 AM IST
Highlights

വ്യാഴാഴ്ച വൈകുന്നേരമാണ് നെടുങ്കണ്ടം ചോറ്റുപോറ സ്വദേശിയും റെയിൽവെ ജീവനക്കാരനുമായ ലാലിന് നേരെയുള്ള പൊലീസിന്റെ ഈ അതിക്രമം. 

ഇടുക്കി: നെടുങ്കണ്ടത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളെ വീട്ടിൽ നിന്ന് വലിച്ചിറക്കി നടുറോഡിലിട്ട് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി.വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിർത്താതെ പോയെന്നാരോപിച്ചാണ് നെടുങ്കണ്ടം പൊലീസിന്റെ അതിക്രമം. എന്നാൽ ബൈക്ക് ഓടിച്ചിരുന്നത് സഹോദരനാണെന്നും ഇത് കേൾക്കാതെയാണ് പൊലീസ് മർദ്ദിച്ചതെന്നുമാണ് റെയിൽവെ ജീവനക്കാരൻ കൂടിയായ യുവാവിന്റെ പരാതി.

വ്യാഴാഴ്ച വൈകുന്നേരമാണ് നെടുങ്കണ്ടം ചോറ്റുപോറ സ്വദേശിയും റെയിൽവെ ജീവനക്കാരനുമായ ലാലിന് നേരെയുള്ള പൊലീസിന്റെ ഈ അതിക്രമം. നെടുങ്കണ്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാധാകൃഷ്ണനും സംഘവുമാണ് ലാലിനെ മർദിച്ചത്. രാവിലെ രാമക്കൽമേട് വച്ച് പൊലീസ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ പോയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. 

എന്നാൽ കുറച്ചുദിവസങ്ങളായി താൻ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയാണെന്നും സഹോദരൻ ലെനിനാണ് വണ്ടിയോടിച്ചതെന്നും ലാൽ പറഞ്ഞു. എന്നാൽ ഇത് കേൾക്കാതെ ലാലിനെ പൊലീസ് മർദ്ദിച്ച് കസ്റ്റഡിയിൽ എടുത്തു.

കോടതിയിൽ ഹാജരാക്കും മുമ്പ് നടത്തിയ വൈദ്യ പരിശോധനയിൽ ലാലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മർദ്ദിച്ചതും സ്റ്റേഷനിലുണ്ടായിരുന്നതുമായ പൊലീസുകാരെല്ലാം പെട്ടിരിക്കുകയാണ്. ലാലിനെ ആശുപത്രിലേക്ക് മാറ്റി. സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ നെടുങ്കണ്ടം പൊലീസ് തയ്യാറായിട്ടില്ല. എന്നാൽ യുവാവിന്റെയും ബന്ധുക്കളുടേയും പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

click me!