
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി യുട്യൂബിലൂടെ പരാമര്‍ശം നടത്തിയ മുൻ ഡിജിപി ആർ.ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. ഇക്കാര്യം അന്വേഷണ സംഘം വിചാരണക്കോടതിയെ അറിയിച്ചു. ഇതിനിടെ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ച സമയം നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
നടിയെ അക്രമിച്ച കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കവെയാണ് കേസിൽ തുടരന്വേഷണം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് നിരപരാധിയാണെന്നും പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ ആരോപിച്ചിരുന്നു. ഇതിൽ വ്യക്തതയ്ക്കായി ശ്രീലേഖയുടെ മൊഴിയെടുക്കണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇല്ലെങ്കിൽ കേസിൽ തിരിച്ചടിയുണ്ടാകും.
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ സമയപരിധി നാളെ വരെ;പ്രോസിക്യൂഷന്‍റെ നിര്‍ണായക നീക്കങ്ങള്‍
മാത്രമല്ല മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് എങ്ങിനെയന്നതിലും അന്വേഷണം വേണം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറൻസിക് പരിശോധനാ ഫലം. കോടതി അനുമതിയെത്തുടർന്ന് വിചാരണക്കോടതിയിൽ വച്ച് പെൻഡ്രൈവ് ലാപ്ടോപ്പിൽ കുത്തി ദൃശ്യങ്ങൾ കണ്ടുവെന്നാണ് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകന്‍റെ വിശദീകരണം. അങ്ങിനെയെങ്കിൽ മെമ്മറി കാർഡ് മൊബൈൽ ഫോണിലിട്ട് തുറന്നത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം കൂടിയേ തീരുവെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കാൻ സമയം തേടിയത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ശാസ്ത്രീയ പരിശോധനാ ഫലം
ഇതിനിടെ ഹാഷ്‍വാല്യു മാറിയതിലടക്കം അന്വേഷണം വേണമെന്ന അതിജീവിതയുടെയും ക്രൈംബ്രാഞ്ചിന്‍റെയും ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹാഷ്‍വാല്യു മാറിയെന്ന് വ്യക്തമായ സാഹചര്യത്തിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തേക്ക് സമയം നീട്ടി നൽകണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam