നീലകണ്ഠന് ഇനി സുഖചികിത്സ; കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

By Web TeamFirst Published Jul 15, 2019, 1:05 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് നീലകണ്ഠന്റെ ദുരിതം പുറംലോകമറിഞ്ഞത്. തുടർന്ന് ഹൈക്കോടതി ഇടപ്പെട്ട് ആനയെ കോട്ടൂരേക്ക് മാറ്റുകയായിരുന്നു. 

തിരുവനന്തപുരം: ശാസ്താംകോട്ട ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന കൊമ്പനാനയ്ക്ക് ഇനി സുഖ ചികിത്സ. കാലിൽ ഗുരുതരമായ പരിക്കേറ്റ് ദുരിതത്തിലായ നീലകണ്ഠനെ തിരുവന്തപുരത്തെ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് നീലകണ്ഠന്റെ ദുരിതം പുറംലോകമറിഞ്ഞത്. 

നീലകണ്ഠന്‍റെ മുൻ കാലിലെ എല്ലിനാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റിട്ടും കൃത്യമായ ചികിത്സ നല്‍കാതെ ചങ്ങലക്കിട്ടിരുന്ന ആനയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. നീലകണ്ഠന്റെ  ദുരിത വാര്‍ത്ത പുറത്തു വന്നതോടെ ആന പ്രേമികള്‍ ചേർന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് വിദഗ്ധ സംഘം എത്തി ആനയ്ക്ക് ചികിത്സ നല്‍കി.

ഉത്തര്‍പ്രദേശിലെ മധുരയിലുളള ആനപരിപാലന ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്നാണ് ഹര്‍ജി നല്‍കിയവര്‍ ആവശ്യപ്പെട്ടത്. എന്നാൽ അവശനിലയിലായ ആനയെ 2500 കിലോ മീറ്റര്‍ അകലെ എത്തിക്കുന്നത് ശരിയാകില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ചികിത്സ നൽകുന്നതിനായി എല്ലാ സൗകര്യങ്ങളുമുളള കോട്ടൂരിലേക്ക് ആനയെ മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു.

ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ആനയെ ചികിത്സയ്ക്കായി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. 2003ലാണ് നീലകണ്ഠനെ ശാസ്താംകോട്ട ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്.
 

click me!