
ദില്ലി: നീറ്റിൽ പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി, എൻടിഎ വൃത്തങ്ങൾ അറിച്ചു. നാളെയോടെ പട്ടിക പുറത്തിറങ്ങും എന്നാണ് സൂചന. നാലു ലക്ഷം പേർക്ക് അഞ്ചു മാർക്ക് കുറയും. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി കുറയും. ഒന്നാം റാങ്ക് കിട്ടിയ 44 പേരുടെ അഞ്ച് മാർക്കാവും നഷ്ടമാകുക. സമയം കിട്ടിയില്ല എന്ന കാരണത്താൽ ആറു പേർക്ക് നല്കിയ ഗ്രേസ് മാർക്കും നേരത്തെ ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തു.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ ഉത്തർ പ്രദേശിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പരീക്ഷ ആഗസ്റ്റിൽ വീണ്ടും നടത്തും. ആഗസ്റ്റ് 23 മുതൽ അഞ്ച് ദിവസങ്ങളിൽ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക. ആകെ 60,244 ഒഴിവുകളിലേക്ക് അൻപത് ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ 42 ലക്ഷം പേരെഴുതിയ പരീക്ഷ സർക്കാർ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാനൂറോളം പേരെ ഇതിനോടകം യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam