
തൃശൂര്‍: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. എടത്തിരുത്തി അയ്യമ്പിള്ളി സ്വദേശി അനൂപിനെയാണ് (42) തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എടത്തിരുത്തി അയ്യമ്പിടി കനാല്‍ കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടില്‍ അനീഷ് (43) ആണ് കൊല്ലപ്പെട്ടത്. തൃശൂര്‍ എക്‌സൈസ് അക്കാദമിയിലെ താല്‍ക്കാലിക പാചക തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. പ്രതിയായ അനൂപ് കോണ്‍ക്രീറ്റ് തൊഴിലാളിയാണ്.
ഈ മാസം 17 ന്, ഞായറാഴ്ച രാത്രി എട്ടു മണിയോടെ അനീഷിന്‍റെ വീടിന് മുന്നിലെ റോഡിലായിരുന്നു കൊലപാതകം നടന്നത്. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ അനീഷും അനൂപും ഉള്‍പ്പെടെ അഞ്ചംഗ സുഹൃത്തുക്കള്‍ അയ്യമ്പിടിയിലെ സുഹൃത്തിന്‍റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടുമണിയോടെ അനീഷും അനൂപും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ അനൂപ് അനീഷിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്‍റെ വയറ്റില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റ അനീഷിന്‍റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടന്‍ തന്നെ ആംബുലന്‍സില്‍ വലപ്പാട് ദയ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരുക്ക് അതീവ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, യാത്രാമധ്യേ അനീഷ് മരിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അനൂപിനെ അയ്യമ്പിടി ഉന്നതിയിലെ ബന്ധുവീട്ടില്‍ നിന്നുമാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. അനൂപ് കൈപമംഗലം, മതിലകം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയ ഒരു കേസിലും അടക്കം അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam