നേമം സ്ഥാനാര്‍ത്ഥിത്വ വിവാദം; ഉമ്മൻചാണ്ടിയുടെ പേര് വന്ന വഴി

By Web TeamFirst Published Jan 30, 2021, 4:48 PM IST
Highlights

അത്യന്തം നാടകീയമായിരുന്നു ആ വാർത്തയും അത് വന്ന വഴിയും ഒട്ടും വൈകാതെ ഇറക്കിയ നിഷേധക്കുറിപ്പും.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടി വരുന്നു, അതും ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്തേക്ക് . അത്യന്തം നാടകീയമായിരുന്നു ആ വാർത്തയും അത് വന്ന വഴിയും ഒട്ടും വൈകാതെ ഇറക്കിയ നിഷേധക്കുറിപ്പും. പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി മാറാനോ എന്ന് കേട്ടവരെല്ലാം അതിശയിച്ച ആ വാർത്തയുടെ പിന്നിലെ കഥ ഇങ്ങനെയാണ്. 

തദ്ദേശ തോൽവിയുടെ പശ്ചാത്തലവും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വരവും കണക്കിലെടുത്ത് സംഘടനാ ചര്‍ച്ചകൾക്കായി ഹൈക്കാമാന്റ് വിളിപ്പിച്ചിന്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ച മുൻപ് കേരളത്തിലെ നേതാക്കൾ ദില്ലിയിലെത്തിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ദില്ലിയിൽ.  കേരളഹൗസും എഐസിസി ആസ്ഥാനവും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകൾ അത്രയും.  

കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി താരീഖ് അൻവർ, കെസി വേണുഗോപാൽ എന്നിവരും ഒരുഘട്ടത്തിൽ ചേരുന്നു.  22 സിറ്റിംഗ് എംഎൽഎമാരിൽ ആരൊക്കെ മത്സരിക്കണമെന്ന് ആദ്യം തീരുമാനിക്കാമെന്ന് താരിഖ് അൻവർ. അപ്പോഴാണ് പ്രമുഖനായ ഒരാളെ മാറ്റിപരീക്ഷിച്ചാലോ എന്ന് കെപിസിസി പ്രസിഡന്റ് ചോദ്യം ഉന്നയിക്കുന്നത്. അതാരെ എന്ന് എല്ലാവരും ഒരുമിച്ച് ചോദിക്കുന്നു. 

ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തല മാറിയേക്കുമെന്ന ചര്‍ച്ചകൾ കൊടുമ്പിരി കൊണ്ട് നടക്കുന്ന സമയത്താണ് മുല്ലപ്പള്ളിയുടെ ചോദ്യം. എല്ലാവരേയും ഞെട്ടിച്ച് മുല്ലപ്പള്ളി ആ നിര്‍ദ്ദേശം അവതരിപ്പിച്ചത്.  പി ജയരാജനെതിരെ വടകരയിൽ കെ മുരളീധരനെ മത്സരിപ്പിച്ചത് പോലെ രാഹുൽഗാന്ധിയുടെ വരവ് കേരളത്തിനാകെ ഗുണമായത് പോലൊരു പരീക്ഷണമാണ് മനസിലുള്ളതെന്ന് അൽപ്പം വളച്ച് കെട്ടോടെ മുല്ലപ്പള്ളി പറഞ്ഞുതുടങ്ങി. 

ഉമ്മൻചാണ്ടി നേമത്ത് മത്സരിച്ചാലോ'. ഏവരും ഞെട്ടി മുല്ലപ്പള്ളിയെ നോക്കി. വളരെ ഗൗരവത്തോടെയാണ് താനീ നിർദ്ദേശം വയ്ക്കുന്നതെന്ന് മുല്ലപ്പള്ളിയുടെ മറുപടി. അപ്പോൾ  'ARE YOU SERIOUS' എന്ന ഉമ്മൻചാണ്ടിയുടെ ചോദ്യം. അതെയെന്ന് വീണ്ടും. ഒരു ചിരിയിൽ  മറുപടി ഒതുക്കിയ ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശം തള്ളുകയോ സ്വീകരിക്കുകയോ ചെയ്തില്ല. നല്ല നിർദ്ദേശമെന്ന് തത്വത്തിൽ എല്ലാവരും പറഞ്ഞെങ്കിലും  ഉമ്മൻചാണ്ടിയുടെ തീരുമാനമാണ് പ്രധാനമെന്ന് പറഞ്ഞ നേതാക്കൾ ചർച്ച അവസാനിപ്പിക്കുകയായിരുന്നു.

അന്നത്തെ ചർച്ച അത്ര നിഷ്കകളങ്കമായിരുന്നില്ല. ദില്ലിയിലെ ആ ചർച്ചയാണ് ഇപ്പോൾ പുറത്തുവന്നത്. എ ഗ്രൂപ്പ് തുടക്കം മുതൽ ഇത്തരമൊരു നീക്കത്തെ എതിർക്കുകയാണ്. ബിജെപിയുടെ സീറ്റിൽ ഉമ്മൻചാണ്ടി നിന്നാൽ താരപരിവേഷം വരുമെന്ന പറഞ്ഞ് നിഷ്കളങ്കരായ കോൺഗ്രസുകാർ ആവേശം കൊണ്ടപ്പോൾ നിർദ്ദേശത്തിന് പിന്നിലെ കുടിലബുദ്ധി ഉമ്മൻചാണ്ടി തിരിച്ചറിഞ്ഞിരുന്നു. 

പുതുപ്പള്ളിയിൽ നിന്ന് മാറി ഉമ്മൻചാണ്ടി  നേമത്തോ വട്ടിയൂർക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാൻ നീക്കമെന്ന വാർത്ത വന്നയുടൻ ഐ ഗ്രൂപ്പ് ഏറ്റെടുത്തു. ഉമ്മൻചാണ്ടിക്ക് എവിടെയും മത്സരിക്കാമെന്ന് പറഞ്ഞ് ഐ ഗ്രൂപ്പ് നേതാക്കൾ മാറ്റത്തെ പിന്തുണച്ച് രംഗത്തെത്തി.  ഇതോടെ അപകടം മനസിലാക്കിയ ഉമ്മൻചാണ്ടി  നിമിഷങ്ങൾക്കകം നിഷേധക്കുറിപ്പിറക്കി. 

പുതുപ്പള്ളിയുമായുള്ള വൈകാരികബന്ധം ചൂണ്ടിക്കാട്ടി ആജീവനാന്തം ആ ബന്ധം തുടരുമെന്ന് വ്യക്തമാക്കി ചർച്ചകൾ അദ്ദേഹം  അവസാനിപ്പിച്ചു. ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലിറക്കി ഉമ്മൻചാണ്ടി തിരുവനന്തപുരത്തേക്ക് വന്നാൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന ആക്ഷേപങ്ങൾ പ്രതിരോധിക്കുക പ്രയാസമാകും.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പ് നീക്കം നടത്തിയെങ്കിലും ഉമ്മാൻചാണ്ടി അത് മുളയിലേ നുള്ളി.  മേൽനോട്ടസമിതി അധ്യക്ഷനായി ഉമ്മൻചാണ്ടി നിർണ്ണായക സ്ഥാനത്തെത്തിയതിലും രമേശിനെ തഴയുന്നുവെന്ന പ്രചാരണത്തിലും ഐ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇത് മനസിലാക്കിയാണ് എ ഗ്രൂപ്പിന്റെ എല്ലാ നീക്കവും. അതായത് തെരഞ്ഞെടുപ്പ് മുറുകുമ്പോൾ ആരും അയയില്ല, തന്ത്രങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂവെന്ന് ചുരുക്കം.

click me!