നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി

Published : Oct 18, 2025, 11:16 AM ISTUpdated : Oct 18, 2025, 11:21 AM IST
sajitha murder case chenthamara

Synopsis

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. 

 

പ്രതി കുറ്റം ആവര്‍ത്തിക്കാൻ സാധ്യത; സാക്ഷികള്‍ക്കും ഇരകള്‍ക്കും സുരക്ഷ ഉറപ്പാക്കണം

 

പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പരോൾ നൽകുകയാണെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി വിധിച്ചു.പ്രതിയുടെ മാനസിക നില ഭദ്രമെന്നും സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി. പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ചെന്താമര പിഴ തുക നൽകുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ തന്നെ ലീഗൽ സര്‍വീസ് അതോറിറ്റി സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും പണം നൽകണമെന്നും കോടതി വിധിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാൻ സജിതയുടെ മക്കളും വീട്ടുകാരും കോടതിയിൽ എത്തിയിരുന്നു. നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. 

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തിൽ പ്രതി മൊഴി നല്‍കിയത്. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാൽപാടുകളാണ് കേസിൽ നിർണായകമായത്. ഒപ്പം മൽപിടുത്തത്തിനിടയിൽ പോക്കറ്റ് കീറി നിലത്ത് വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി. കേസിലെ സാക്ഷികളുടെ മൊഴിയും നിര്‍ണായകമായിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം