നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം

Published : Aug 26, 2026, 06:58 PM IST
nepal flood kerala

Synopsis

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്ക് സഹായവുമായി കേരള സർക്കാർ. സഹായം ആവശ്യമുള്ളവർക്കും വിവരങ്ങൾ നൽകാനുമായി 1070 എന്ന ടോൾ ഫ്രീ നമ്പറും 9447111844, 9747132147 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. 1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ബന്ധപ്പെടേണ്ട നമ്പർ 9447111844, 9747132147.

പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം

നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ് ഐ പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങിയെന്നാണ് ഇതുവരെയുള്ള വിവരം. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയത്തിൽ മരണം 22 ആയി ഉയർന്നതിനൊപ്പം 384 പേരെ കാണാതാവുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
മഴ നനഞ്ഞ തിരുവോണം, വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; തലസ്ഥാനമടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട്