കോടികൾ വിലമതിക്കുന്ന പാട്ടഭൂമി സ്വന്തം പേരിലാക്കാൻ ശ്രമിച്ചെന്ന് ആരോപണം; പി വി അൻവർ വീണ്ടും വിവാദത്തിൽ

By Web TeamFirst Published Jun 26, 2019, 5:56 AM IST
Highlights

ആലുവ എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം പി വി അൻവർ കൈവശപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.

കൊച്ചി: കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ പി വി അൻവർ എംഎൽഎക്ക് എതിരെ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. ആലുവയിൽ 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമി പി വി അൻവർ വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം.

ആലുവ എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം കാക്കനാട് സ്വദേശി ജോയ് മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള ഇന്‍റർനാഷണൽ ഹൗസിംഗ് കോംപ്ലക്സ് എന്ന സ്ഥാപനത്തിനായിരുന്നു. 1991-ലാണ് 99 വർഷത്തേക്ക് ജോയ്മെറ്റ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് സ്ഥലം പാട്ടത്തിന് നൽകിയത്. 2006-ൽ ജോയ്മെറ്റ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് കടക്കെണിയിൽ ആയതോടെയാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ലേലനടപടി ആരംഭിച്ചത്. ഈ ലേലത്തിലാണ് 99 വർഷത്തേക്കുള്ള പാട്ടക്കരാർ പിവി അൻവർ എംഎൽഎ മാനേജിംഗ് ഡയറക്ടർ ആയ പീവീസ് റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റ‍ഡ് നേടിയത്. 

എന്നാൽ പാട്ടക്കരാറിന്‍റെ മറവിൽ 2006 മുതൽ 2018 വരെ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാനാണ് പിവി അൻവർ എംഎൽഎ ശ്രമിച്ചത്. അതിന് വേണ്ടി പുതിയ തണ്ടപ്പേർ നമ്പർ ഉണ്ടാക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഉടമസ്ഥ ഗ്രേസ് മാത്യു റവന്യൂ വകുപ്പിനെ സമീപിച്ചത്. ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറാണ് വ്യാജരേഖ ചമച്ച് അടിസ്ഥാനനികുതിയടയ്ക്കാൻ പിവി അൻവർ എംഎൽഎയ്ക്ക് സഹായം ചെയ്തതെന്ന് കളക്ടർക്ക് നൽകിയ പരാതിയിൽ ഉടമസ്ഥ ആരോപിക്കുന്നു.

ഉടമസ്ഥനല്ലാത്ത ആളിൽ നിന്നും സ്ഥലത്തിന്‍റെയും കെട്ടിടത്തിന്‍റെയും അടിസ്ഥാന നികുതി സ്വീകരിച്ചതിനെകുറിച്ച് ഫോർട്ട്കൊച്ചി ആ‍‍ർഡിഒ ആലുവ തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥരായ ഗ്രേസ് മാത്യു, പ്രിയ പെട്രോസ് എന്നിവരെ വിളിച്ചുവരുത്തി തഹസിൽദാർ വിവരങ്ങൾ ശേഖരിച്ചു. താമസിയാതെ പിവി അൻവറിനോടും ഹാജരാകാൻ ആവശ്യപ്പെടും. ഉടമസ്ഥാവകാശം നിർണയിക്കും വരെ പിവി അൻവറിൽ നിന്നും കരം സ്വീകരിക്കാൻ പാടില്ലെന്നാണ് റവന്യൂവകുപ്പിന്‍റെ തീരുമാനം.

click me!