മൂന്നാറിൽ പ്രതിയ്ക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റ സംഭവം: എസ്ഐ അടക്കം നാല് പേർക്ക് സസ്പെൻഷൻ

By Web TeamFirst Published Jun 25, 2019, 10:47 PM IST
Highlights

സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ഐയെയും മൂന്ന് പൊലീസുകാരെയും നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു

മൂന്നാര്‍: മൂന്നാ‍ർ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസിൽ പ്രതിയായ യുവാവിന് കസ്റ്റഡിയിൽ മർദ്ദനമേറ്റ സംഭവത്തിൽ മൂന്നാർ എസ്ഐ അടക്കം നാല് പേരെ സസ്പെൻഡ് ചെയ്തു. മൂന്നാർ എസ്ഐ ആയിരുന്ന കെ എസ് ശ്യാംകുമാർ, എഎസ്ഐ എൻ രാജേഷ്, എസ്സിപി ഒ എം തോമസ്, സി പി ഒ അബ്ദുൾ സലാം എന്നിവരെയാണ് കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻഡ് ചെയ്തത്. മൂന്നാർ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

നട്ടെല്ലിന് പരിക്കേറ്റ മൂന്നാർ സ്വദേശി സതീശനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ഐയെയും മൂന്ന് പൊലീസുകാരെയും നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇടുക്കി പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. 

മൂന്നാറിൽ വിനോദസഞ്ചാരികളെ ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതിയായ സതീശനെ പാലക്കാട് നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുട‍ർന്ന് മൂന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും സതീശൻ മജിസ്ട്രേറ്റിനെ അറിയിച്ചത്. 

തുടർന്ന് കോടതി നിർദ്ദേശ പ്രകാരം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിപിഎം അനുഭാവിയായ സതീശൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ കുടുക്കാനാണ് സതീശന്‍ പരിക്ക് ഗുരുതമാണെന്ന് വരുത്തി തീർക്കുന്നതെന്ന് പൊലീസുകാർ ആരോപിച്ചിരുന്നു. 

click me!