
തിരുവനന്തപുരം: പ്ലസ് ടു (plus two)കെമിസ്ട്രി(chemistry) മൂല്യ നിർണ്ണയത്തിനുള്ള(valuation) പുതിയ ഉത്തര സൂചിക തയ്യാറാക്കാനുള്ള നടപടി ഇന്ന് തുടങ്ങും. നിലവിലെ ഉത്തര സൂചികകൾ, വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15 അംഗ സമിതി പരാതി പരിശോധിക്കും.ചോദ്യ കർത്താവ് തയ്യാറാക്കിയ സൂചികയും സ്കീം ഫൈനലൈസെഷൻ ഭാഗമായി 12 അധ്യാപകർ തയ്യാറാക്കിയ സൂചികയും പരിശോധിക്കും.പുതിയ സൂചിക തയ്യാറാക്കുന്നതിനെ സ്വാഗതം ചെയ്ത അധ്യാപകർക്ക് പ്രതിഷേധിച്ചവർക്കെതിരെയുളള അച്ചടക്ക നടപടിയിൽ എതിർപ്പ് ഉണ്ട്. നാളെ മുതൽ വീണ്ടും മൂല്യ നിർണ്ണയം നടത്താനാണ് നീക്കം
പ്ലസ് ടുക്കാരെ കുഴക്കിയ കെമിസ്ട്രിയിൽ വീണ്ടും മൂല്യനിർണ്ണയം,പിടിവാശി വിട്ട് പുന:പരിശോധനക്ക് വിദ്യാഭ്യാസവകുപ്പ്
ഇത്തവണ പ്ലസ് ടു (Plus Two) കണക്ക് പരീക്ഷ തീർന്നപ്പോൾ നന്നായി പഠിക്കുന്ന കുട്ടികളുടെ പോലും കണ്ണ് തള്ളിപ്പോയിരുന്നു. കടുകട്ടി ചോദ്യങ്ങൾ കൂടുതലും നിർബന്ധമായും പഠിക്കണമെന്ന് പറയാത്ത നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് വന്നത്. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുടെ ചോയ്സുകളിലും പിശകുണ്ടായി. ആ ആശങ്ക തുടരുന്നതിനിടെയാണ് 28ന് മൂല്യനിർണ്ണയം തുടങ്ങിയപ്പോൾ ഉത്തരസൂചികാ വിവാദം കൂടി വരുന്നത്.
ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ മുഴുവൻ മൂല്യ നിർണ്ണയ ക്യാമ്പുകളിൽ നിന്നുമുള്ള പരാതി. ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയായിരുന്നു മൂല്യനിർണ്ണയത്തിന് കൊടുത്തത്. ഇതിൽ പ്രശ്നങ്ങളുള്ളത് കൊണ്ട് മുതിർന്ന അധ്യാപകർ ചേർന്നുള്ള സ്കീം ഫൈനലൈസേഷനിൽ ഉത്തരസൂചിക പുനക്രമീകരിച്ചിരുന്നു. അത് പക്ഷേ കുട്ടികൾക്ക് വാരിക്കോരി മാർക്കിടുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് തള്ളി.
അക്കാര്യം മൂല്യനിർണ്ണയത്തിനെത്തിയവരെ അറിയിച്ചില്ല. ഇതോടെയാണ് തുടർച്ചയായ മൂന്ന് ദിവസവും അധ്യാപകർ ക്യാമ്പ് ബഹിഷ്ക്കരിച്ചത്. അപ്പോഴൊക്കെ അനാവശ്യ സമരമെന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി പ്രതിഷേധം തള്ളി. ഇതിനിടെ സ്കീം ഫൈനലൈസേഷൻ നടത്തിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതോടെ പ്രതിഷേധം കനത്തു. ചോദ്യകർത്താവിന്‍റെ ഉത്തരസൂചിക ആധാരമാക്കിയാൽ 10 മുതൽ 20 വരെ മാർക്ക് കുട്ടികൾക്ക് നഷ്ടമാകുമെന്നാണ് അധ്യാപകരുടെ പരാതി.
ചോദ്യത്തിലും ഉത്തരസൂചികയിലും പിശകെന്ന പരാതി കുട്ടികളുടെ ആശങ്ക കൂട്ടി. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടാണ് വിദഗ്ധസമിതിയെ വെക്കാൻ തീരുമാനമെടുത്തത്. 15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും സ്കീം ഫൈനലൈസേഷൻറെ ഭാഗമായി അധ്യാപകർ തയ്യാറാക്കിയ സൂചികയും പരിശോധിക്കും. പുതിയ സൂചിക തയ്യാറാക്കും. അതിന് ശേഷം നാലു മുതൽ വീണ്ടും മൂല്യനിർണ്ണയം നടത്തും. ഇതുവരെ പരിശോധിച്ച ഉത്തരക്കടലാസുകൾ വരെ വീണ്ടും പരിശോധിക്കും.
മൂല്യനിർണ്ണയ ക്യാമ്പ് തുടങ്ങും വരെ ആരും പരാതിപ്പെട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. എന്നാൽ, ഉത്തരസൂചിക ഏതാണെന്ന് അപ്പോൾ മാത്രമല്ലെ അറിഞ്ഞിരുന്നൂള്ളൂ എന്നാണ് അധ്യാപകരുടെ മറുപടി. പുതിയ തീരുമാനത്തെ അധ്യാപകർ സ്വാഗതം ചെയ്തു. സർക്കാരിന് വൈകിവന്ന വിവേകമെന്നാണ് പ്രതികരണം.
എന്നാൽ അപ്പോഴും ക്യാമ്പ് ബഹിഷ്ക്കരണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിലെ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇനിയും അച്ചടക്കനടപടി ഉണ്ടായാൽ അധ്യാപകരുടെ നിസ്സഹകരണം ഉറപ്പാണ്. വിവാദം പലരീതിയിൽ പുരോഗമിക്കുമ്പോൾ മാർക്ക് എത്ര കിട്ടും തങ്ങളുടേതല്ലാത്ത കാരണത്താൽ മാർക്ക് പോകുമോ എന്നാണ് കുട്ടികളുടെ ആശങ്ക.
പുതിയ ഉത്തരസൂചിക: സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അധ്യാപകസംഘടനകൾ
തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷ (Plus Chemistry Answer Papers) മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അധ്യാപകസംഘടനകൾ. വിഷയത്തിൽ സർക്കാരിൻ്റെ പിടിവാശി പരാജയപ്പെട്ടെന്നും അധ്യാപകർക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നും അധ്യാപകരുടെ സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.
മൂല്യനിർണ്ണയ ഉത്തര സൂചികയിലെ അപാകത പരിഹരിക്കുമെന്ന മന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ അച്ചടക്ക നടപടികൾ പിൻവലിക്കാനും സർക്കാർ തയ്യാറാവണം. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കി വിദ്യാർഥികൾക്ക് അർഹമായ മാർക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയിൽ പുതിയ ഉത്തരസൂചിക പുറത്തിറക്കണം. എന്നാൽ സർക്കാരിൻ്റെ പിടിവാശികൾ മുഴുവൻ പരാജയപ്പെട്ടത്തിൻ്റെ ജാള്യത മറയ്ക്കാൻ ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളെ ലക്ഷ്യംവയ്ക്കുന്ന നടപടി പരിഹാസ്യമാണെന്നും എഎച്ച്എസ്ടിഎ വ്യക്തമാക്കി.