
കൊച്ചി: അന്വേഷണ സംഘത്തിന് (investigation team)മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന നടൻ വിജയ് ബാബുവിന്റെ(vijay babu) ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പൊലീസിന്‍റെ (police)തീരുമാനം. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്‍റെ രേഖാമൂലമുളള മറുപടി. നിലവിലെ അവസ്ഥയിൽ 18ന് ഹൈക്കോടതി വേനലവധിക്ക് ശേഷമേ ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം എന്ന് മറുപടി നൽകിയെന്നാണ് പൊലീസ് കരുതുന്നത്. ഹർജിയിൽ തീരുമാനം വരാൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനാൽ മറ്റ് സമ്മർദ വഴികളിലൂടെ ദുബായിൽ ഒളിവിൽക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ കഴിയുമോയെന്നാണ് നോക്കുന്നത്.
'താൻ ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രയിൽ'; മെയ് 19 ന് ഹാജരാകാമെന്നും പൊലീസിനോട് വിജയ് ബാബു
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ മെയ് 19ന് ഹാജരാകാമെന്ന് വിജയ് ബാബു കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. ഹാജരാകാൻ സാവകാശം വേണമെന്നാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ആവശ്യം. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിലാണ് താനെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി. അതേസമയം ഹൈക്കോടതിയിൽ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മെയ് 18നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസിൽ വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതിക്ക് തൊട്ടടുത്ത ദിവസം നേരിട്ട് ഹാജരാകാമെന്ന് നടൻ അറിയിച്ചിരിക്കുന്നത്.
നിലവിൽ ദുബായിലാണ് വിജയ് ബാബു കഴിയുന്നത്. ഇദ്ദേഹത്തിന് ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ അവിടെ തുടരാൻ തടസമൊന്നുമില്ല. മേയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്. അതായത് മേയ് 18ന് ശേഷമേ വിജയ്ബാബുവിന്‍റെ മുൻകൂർ ജാമ്യാ പേക്ഷ പരിഗണനയ്ക്ക് വരൂ. പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ വാദവും ഒക്കെ പൂർത്തിയാക്കി ഉത്തരവ് മേയ് അവസാനത്തേക്ക് പ്രതീക്ഷിച്ചാൽ മതി. അതായത് ഏതാണ്ട് ഒരുമാസക്കാലം വിജയ് ബാബുവിന് ദുബായിൽ തുടരേണ്ടിവരും.
സാധാരണ ഗതിയിൽ ഒരു പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ പൊലീസ് പിന്നെ അറസ്റ്റുചെയ്യുന്ന പതിവില്ല. അറസ്റ്റിന് നിയമ തടസമില്ലെങ്കിലും പൊതുവേയുളള രീതി അങ്ങനെയാണ്. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്റ്റു ചെയ്‍തതെന്തിനെന്ന് കോടതികൾ തന്നെ വാളോങ്ങിയ ചരിത്രവുമുണ്ട്. ഇത് മനസിൽ കണ്ടുകൊണ്ടാണ് പൊലീസ് അങ്ങോട്ട് പോയി അറസ്റ്റു ചെയ്യാത്തത്.
അതായത് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ അറസ്റ്റുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് വിജയ് ബാബുവിന് നാട്ടിലേക്ക് വരാം. പക്ഷേ അവിടെയും ചില പ്രശ്‍നങ്ങൾ ഉണ്ട്. വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും പൊലീസ് നൽകിയിട്ടുണ്ട്. അതായത് വിദേശത്തുനിന്ന് രാജ്യത്തെ ഏതു വിമാനത്താവളത്തിൽ എത്തിയാലും വിജയ് ബാബുവിനെ തടഞ്ഞുവെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ കേരളാ പൊലീസിന് കൈമാറണം. അതായത് മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലാണെങ്കിലും വിജയ് ബാബു തിരിച്ചെത്തിയാൽ പണികിട്ടുമെന്നുറപ്പ്.
വിജയ് ബാബുവിനെ പൊലീസ് ദുബായിൽ പോയി കസ്റ്റഡിയിൽ എടുക്കുമോ? എവിടെയായാലും പുകച്ചു പുറത്തു ചാടിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറയുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ കേരളാ പൊലീസ് വിദേശത്തൊന്നും പോയി വിജയ് ബാബുവിനെ പിടിക്കില്ല. തൽക്കാലം രണ്ടാഴ്‍ചകാത്തിരിക്കാം എന്നതാണ് തീരുമാനം. അതിനുളളിൽ പരമാവധി തെളിവുകൾ ശേഖരിക്കും. സാക്ഷിമൊഴികളും രേഖപ്പെടുത്തും. ശാസ്‍ത്രീയ തെളിവുകളും അടയാളപ്പെടുത്തും. അങ്ങനെ മുൻകൂർ ജാമ്യാപേക്ഷ പരിഗണന്ക്ക് വരുമ്പോൾ എട്ടിന്‍റെ പണികൊടുക്കാം എന്ന കണക്കുകൂട്ടിലാണ് അന്വേഷണസംഘം നീങ്ങുന്നത്.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതോടെ വിജയ് ബാബുവിനെ കോടതിക്ക് മുന്നിലും തൊലിയുരിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. പണികിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഹർജിക്കാരനായ വിജയ് ബാബുവിനെ അറസ്റ്റുചെയ്യരുതെന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടാതിരുന്നത്. ആവശ്യം തളളിയാൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കെ വിജയ് ബാബുവിനെ അറസ്റ്റുചെയ്യാൻ കൊച്ചി സിറ്റി പൊലീസിന് പരോക്ഷമായി അനുവാദം കിട്ടും. ഇതുകൂടി മുന്നിൽ കണ്ടായിരുന്നു പ്രതിഭാഗം നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam