ശബരിമല കൊവിഡ് മാർഗനിർദേശം പുതുക്കി: പിസിആർ പരിശോധന നിർബന്ധം

By Web TeamFirst Published Dec 15, 2020, 3:20 PM IST
Highlights

തീ‍ർത്ഥാടകരും ഔദ്യോ​ഗിക കൃത്യനിർവഹണത്തിനായി എത്തുന്ന ഉദ്യോ​ഗസ്ഥരും 24 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പിസിആർ പരിശോധനയുടെ റിപ്പോ‍ർട്ട് കൈയിൽ കരുതണം.

പത്തനംതിട്ട: ശബരിമല ദ‍ർശനത്തിനായുള്ള കൊവിഡ് മാ‍​ർ​ഗനി‍ർദേശങ്ങൾ പരിഷ്കരിച്ചു. ഈ മാസം 26-ന് ശേഷം ശബരിമലയിൽ ദർശനത്തിന് എത്തുന്നവ‍ർക്ക് പിസിആ‍ർ പരിശോധന നി‍ർബന്ധമാക്കി. 

തീ‍ർത്ഥാടകരും ഔദ്യോ​ഗിക കൃത്യനിർവഹണത്തിനായി എത്തുന്ന ഉദ്യോ​ഗസ്ഥരും 24 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പിസിആർ പരിശോധനയുടെ റിപ്പോ‍ർട്ട് കൈയിൽ കരുതണം. ആൻ്റിജൻ ടെസ്റ്റിൽ നെ​ഗറ്റീവ് റിസൽട്ടുമായി വന്ന ശബരിമലയിൽ പ്രവേശിച്ച പലർക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന ക‍ർശനമാക്കിയത്. 

തീർഥാടനത്തിനോടനുബന്ധിച്ച് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്ന് ആരോ​ഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതുവരെ 51 തീർഥാടകർക്കും 245 ജീവനക്കാർക്കും 3 മറ്റുള്ളവർക്കും ഉൾപ്പെടെ 299 പേർക്കാണ് കോവിഡ് ബാധിച്ചത്.

ശബരിമല തീർത്ഥാടകർക്കുള്ള മാർ​ഗനി‍ർദേശങ്ങൾ - 
1. എല്ലാവരും കോവിഡ്-19 മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരിൽ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പർ സ്പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീർഥാടകർക്കിടയിൽ അടുത്ത ബന്ധം ഒഴിവാക്കണം. തീർഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

2. ഫലപ്രദമായി കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ യാത്ര ചെയ്യുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും തീർഥാടകർ പാലിക്കേണ്ടതാണ്. സാനിറ്റൈസർ കൈയ്യിൽ കരുതണം.

3. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കിൽ പനി, ചുമ, ശ്വസന ലക്ഷണങ്ങൾ, ക്ഷീണം, ഗന്ധം തിരിച്ചറിയാൻ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തീർഥാടനത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതാണ്.

4. ഡ്യൂട്ടിയിൽ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരിൽ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാൽ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബർ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ്. എല്ലാ തീർഥാടകരും നിലക്കലിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലാബിൽ നിന്നെടുത്ത ആർ.ടി.പി.സി.ആർ, ആർ.ടി. ലാമ്പ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.


5. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ആർ.ടി.പി.സി.ആർ, ആർ.ടി. ലാമ്പ് അല്ലെങ്കിൽ എക്സ്പ്രസ് നാറ്റ് പരിശോധന നടത്തേണ്ടതാണ്.

6. ശബരിമലയിൽ എത്തുമ്പോൾ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്കുകൾ ശരിയായി ധരിക്കുകയും വേണം.

7. കോവിഡിൽ നിന്നും മുക്തരായ രോഗികൾക്ക് ശാരീരിക പ്രശ്നങ്ങൾ ദീർഘകാലം നീണ്ടു നിന്നേക്കാം. മലകയറ്റം പോലുള്ള ആയാസകരമായ പ്രവർത്തികളിൽ ഇത് പ്രകടമായേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ മലകയറുന്നതിന് മുമ്പ് ശാരീരികക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്.


8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടൽ ഒഴിവാക്കേണ്ടതാണ്. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്ലറ്റുകൾ അണുവിമുക്തമാക്കണം. തീർഥാടകർ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തിൽ മടക്കയാത്ര ആസൂത്രണം ചെയ്യണം.

9. തീർഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്.
 

click me!