കാൻസർ പ്രതിരോധത്തിനായി വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷൻ നൽകാൻ കേരളം, ലക്ഷ്യം സെർവിക്കൽ കാൻസർ പ്രതിരോധം

Published : Nov 01, 2025, 07:54 PM IST
students

Synopsis

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍. കണ്ണൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ലക്ഷ്യം വരും തലമുറയെ ഗര്‍ഭാശയഗള കാന്‍സറിൽ നിന്നും സംരക്ഷിക്കുകയാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ (സെർവിക്കൽ കാൻസർ) പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വച്ച് നവംബര്‍ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഇന്ത്യയില്‍ സ്ത്രീകളില്‍ കണ്ടു വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം. അര്‍ബുദ അനുബന്ധ മരണ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് ഈ അര്‍ബുദം ഒരു പ്രധാന കാരണമാണ്. വരും തലമുറയെ ഈ രോഗത്തില്‍ നിന്നും രക്ഷിക്കുന്നതിന് എച്ച്.പി.വി വാക്സിന്‍ എല്ലാ പെണ്‍കുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ വളരെ ക്രിയാത്മകമായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി തവണ ആരോഗ്യ വിദഗ്ധരുടേയും ടെക്‌നിക്കല്‍ കമ്മിറ്റിയുടേയും യോഗം ചേര്‍ന്നാണ് വാക്‌സിനേഷന്‍ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്.

കേരളാ കാന്‍സര്‍ കെയര്‍ ബോര്‍ഡ് കേരളത്തിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ എച്ച്.പി.വി. വാക്‌സിന്‍ നല്കാന്‍ ശുപാര്‍ശ ചെയ്തു. എച്ച്.പിവി വാക്‌സിനേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനുമായി സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമതിയുടെ നിര്‍ദേശ പ്രകാരം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുവാനും, പൈലറ്റ് പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്.പി.വി. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് സ്വമേധയാ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ഉദ്ദേശം. എച്ച്.പി.വി. വാക്‌സിനേഷന്‍ പദ്ധതി വിവിധ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്ബ്, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണവുമുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി