
തൃശൂർ: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂർ മണ്ഡലത്തിലെ വോട്ടർപട്ടിക തയ്യാറാക്കിയതിൽ ചട്ടവിരുദ്ധമായ നടപടികൾ നടന്നുവെന്ന് പുതിയ ആരോപണവുമായി സിപിഐ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നതെന്നും അതിനാൽ പട്ടിക റദ്ദാക്കണമെന്നും സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു.
വരണാധികാരിയായിരുന്ന അന്നത്തെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട് ഉണ്ടെന്ന് ആരോപിക്കുന്ന സിപിഐ കളക്ടറുടെ ഇരട്ട വോട്ടിൻ്റെ തെളിവുകളും പുറത്തുവിട്ടു. ശോഭാ സിറ്റിയിലെ 17 വോട്ടുകൾ അതേ വിലാസത്തിൽ ആലത്തൂർ, തൃശൂർ മണ്ഡലങ്ങളിൽ ചേർത്തിട്ടുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്ക് മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളിക്കുകയാണെന്നും സുനിൽകുമാർ ആരോപിച്ചു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സി.പി.ഐയുടെ തീരുമാനം.
അതേസമയം, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂർ മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടുകൾ സംബന്ധിച്ച് സി.പി.ഐയും കോൺഗ്രസും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബി.ജെ.പി. നേതാവ് കെ.ആർ. ഷാജിയുടെ വോട്ടിൽ ക്രമക്കേട് കണ്ടെത്തിയെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനായ കെ.ആർ. ഷാജിയുടെ വോട്ട് 2024-ൽ പൂങ്കുന്നത്തേക്ക് മാറ്റിയെന്നാണ് സുനിൽകുമാർ ആരോപിച്ചത്. ഷാജിയുടെ ഭാര്യയുടെയും അമ്മയുടെയും വോട്ടുകൾ വരവൂർ പഞ്ചായത്തിൽത്തന്നെയാണ്. എന്നാൽ, ഷാജിയുടെ വോട്ട് പൂങ്കുന്നത്തെ ഇൻലാൻഡ് ഫ്ലാറ്റിൽ 1119, 1121 എന്നീ നമ്പറുകളായി ക്രമരഹിതമായി ചേർത്തതായി കണ്ടെത്തിയെന്നും, ഇത് ആയിരക്കണക്കിന് ആളുകളെ ബി.ജെ.പി. കൂട്ടമായി കൊണ്ടുവന്നതിൻ്റെ തെളിവാണെന്നും സുനിൽകുമാർ പറഞ്ഞു.
ഇതേസമയം, തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കോൺഗ്രസും പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഒരു ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിൻ്റെ മുൻ കൗൺസിലർ വത്സല ബാബുരാജും ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam