
തിരുവനന്തപുരം: പുതിയ ജില്ലാ പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ബിജെപി. വിവി രാജേഷാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് , പത്തനംതിട്ടയിൽ അശോകൻ കുളനട ജില്ലാ പ്രസിഡന്‍റ് ആയി തുടരും. ഇടുക്കിയിൽ കെഎസ് അജി, തൃശൂർ കെ കെ അനീഷ്, കോഴിക്കോട് വികെ സജീവൻ എന്നിവരാണ് അധ്യക്ഷ സ്ഥാനത്ത്. കൊല്ലത്ത് ബി ബി ഗോപകുമാർ തുടരും. വയനാട് ബിജെപി ജില്ല പ്രസിഡന്‍റായി സജി ശങ്കറിനെ വീണ്ടും തിരഞ്ഞെടുത്തു. തൊണ്ടർനാട് സ്വദേശിയാണ്. അഡ്വ. ഇ കൃഷ്ണദാസ് പാലക്കാട് ബിജെപി ജില്ല പ്രസിഡന്റായി തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയിൽ എംവി ഗോപകുമാറും പ്രസിഡന്‍റുമാരായി.
പ്രഖ്യാപിച്ച പത്തിൽ ഏഴിടത്തും കൃഷ്ണദാസ് പക്ഷം നേടിയപ്പോൾ രണ്ടിടത്ത് മാത്രമാണ് മുരളീധര പക്ഷത്തിന് പ്രസിഡന്‍റ് സ്ഥാനം നേടാനായത്. തിരുവനന്തപുരത്തും പാലക്കാട്ടും ആണ് മുരളീധര പക്ഷം നേതാക്കൾ ജില്ലാ പ്രസിഡന്റുമാരായി . കൊല്ലത്ത് ഗ്രൂപ്പുകൾക്ക് അപ്പുറം ആര്‍എസ്എസ് നോമിനിയാണ് ജില്ലാ പ്രസിഡന്‍റായത് . എൻഡിപി യൂണിയൻ പ്രസിഡന്റ് കൂടിയാണ് ഗോപകുമാര്‍.
നാലിടത്താണ് തീരുമാനം നീളുന്നത്. കാസര്‍കോട് എറണാകുളം കോട്ടയം കണ്ണൂര്‍ എന്നിവിടങ്ങളിലാണ് തീരുമാനം നീളുന്നത്. എറണാകുളത്തും കോട്ടയത്തും സാമുദായിക നോമിനികൾ എന്ന് പറയുന്നുണ്ടെങ്കിലും വോട്ടെടുപ്പിൽ കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കം കിട്ടിയ ജില്ലകൾ പിടിക്കാൻ വി മുരളീധര പക്ഷത്തിന്‍റെ ആസൂത്രിത നീക്കമായും വിലയിരുത്തലുണ്ട്.
മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരൻ പിള്ള പോയതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആളെത്തിയിട്ടില്ല ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ പുതിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് ബിജെപി കേരളാ ഘടകത്തിന്‍റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam