വിഴിഞ്ഞം ആക്രമണം: അന്വേഷിക്കാൻ ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

By Web TeamFirst Published Nov 29, 2022, 3:35 PM IST
Highlights

തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മീഷണർമാരും സംഘത്തിൽ ഉണ്ട്.

തിരുവനന്തപുരം : വിഴിഞ്ഞത്തെ ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മീഷണർമാരും സംഘത്തിൽ ഉണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ്.

എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിർദ്ദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.

അതിനിടെ, വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത്  ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും. ഡിസിപി അജിത്കുമാർ, കെ ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. 

അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കുന്നു. മുല്ലൂരിലെ ഉപരോധ സമരപ്പന്തലിൽ പൊതു സമ്മേളനവും ഉണ്ടാക്കുന്നു.

Read More : വിഴിഞ്ഞം പദ്ധതിയിൽ നിലപാട് കടുപ്പിച്ച് സർക്കാരും സമരസമിതിയും: ഹൈക്കോടതി ഇടപെടൽ നിർണായകം

click me!