Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം പദ്ധതിയിൽ നിലപാട് കടുപ്പിച്ച് സർക്കാരും സമരസമിതിയും: ഹൈക്കോടതി ഇടപെടൽ നിർണായകം

വൻസംഘർഷത്തിന് ശേഷവും സർക്കാറും സമരസമിതിയും വിഴിഞ്ഞത്ത് വിട്ടുവീഴ്ചക്കില്ല. ഓഖി ദുരന്തത്തിൻറെ അഞ്ചാം വാർഷികദിനമായ ഇന്ന് സർക്കാറിനെതിരെ വഞ്ചനാ ദിനമാചരിക്കുകയാണ് ലത്തീൻസഭ.

Government and Latin church comes face to face in vizhinjam isue
Author
First Published Nov 29, 2022, 2:31 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരിഞ്ചും പിന്നോട്ടില്ലെന്ന് സർക്കാറും സമരസമിതിയും. രാജ്യസ്നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തിൽ മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. അടുത്ത സെപ്തംബറിൽ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പ്രഖ്യാപിച്ചു. അതേസമയം ഓഖി ദുരിതബാധിതരുടെ പുനരധിവാസം കൂടി ഉയർത്തി കൊണ്ടു വന്ന് സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞം സമരസമിതി. 

വൻസംഘർഷത്തിന് ശേഷവും സർക്കാറും സമരസമിതിയും വിഴിഞ്ഞത്ത് വിട്ടുവീഴ്ചക്കില്ല. ഓഖി ദുരന്തത്തിൻറെ അഞ്ചാം വാർഷികദിനമായ ഇന്ന് സർക്കാറിനെതിരെ വഞ്ചനാ ദിനമാചരിക്കുകയാണ് ലത്തീൻസഭ. ഓഖിയിലും വിഴിഞ്ഞം പദ്ധതിയിലുമെല്ലാ സർക്കാർ തീരജനതയെ പറ്റിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും പൊലീസ് നടപടിക്കും കേസിൻറെയും മുന്നിൽ മുട്ടുമടക്കില്ലെന്ന് പറഞ്ഞാണ് തുറമുഖ പദ്ധതിക്കെതിരായ സമരം കടുപ്പിക്കാനുള്ള തീരുമാനമെന്നും സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ്. 

അതേസമയം ഗുരുതര ആരോപണങ്ങൾ വരെ ഉയർത്തിയാണ് സമരക്കാരെ മന്ത്രിമാർ കൂട്ടത്തോടെ സംശയത്തിൻറെ നിഴലിൽ നിർത്തുന്നത്. രാജ്യത്തിൻറെ വികസന പദ്ധതിയെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ തടസ്സപ്പെടുത്തുന്നതിന് പിന്നിൽ അജണ്ടയുണ്ടെന്നും തുറമുഖത്തിൽ പിന്നോട്ടില്ലെന്നും സർക്കാർ പറയുന്നു. 

2023 സെപ്തംബറിൽ മലയാളിക്കുള്ള ഓണസമ്മാനം ആയി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും. പദ്ധതിക്കായി മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം.തീരശോഷണത്തിന് കാരണം തുറമുഖമല്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ല .അദാനി പോർട്ട്‌ അല്ല ഇത് സർക്കാരിന്‍റെ  പോർട്ട്‌ ആണ്. 2011 നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി CMFRI പഠനം തെളിയിക്കുന്നുണ്ട്. .സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതായിരിക്കില്ല - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

 വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാർ നടത്തുന്നത്. സർക്കാറിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിന് നിർബന്ധിക്കുകയാണ്. കേസിൽ കുടുങ്ങിയാൽ ബുദ്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ ഏതെങ്കിലും പുരോഹിതർ ഉണ്ടാകുമോ?  ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പരിചയമുള്ള ഏതോ ശക്തികൾ ആക്രമണത്തിന് പിന്നിലുണ്ട്. - വി.ശിവൻകുട്ടി വിദ്യാഭ്യാസ-തൊഴിൽ മന്ത്രി

നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും സർക്കാറിനും സമരസമിതിക്കും മേൽ സമ്മർദ്ദങ്ങളുമുണ്ട്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി വീണ്ടും നിർമ്മാണ സാമഗ്രികൾ ഉടൻ വിഴിഞ്ഞത്തെത്തിക്കാൻ സർക്കാറിന് നീക്കമില്ല. സംഘർഷമടക്കം കണക്കിലെടുത്ത് ഹൈക്കോടതിയിൽ നിന്നും സമരക്കാർക്കെതിര കർശന നടപടിവരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സ്റ്റേഷൻ ആക്രമണം വഴി സമരത്തെ അനുകൂലിക്കുന്ന വിഭാഗങ്ങൾ പോലും എതിരായി വരുന്നോ എന്ന സംശയം ലത്തീൻ സഭക്കമുണ്ട്.

ഓഖി ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണം.മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നു. ഒരു കുടുംബത്തെപ്പോലും മാറ്റിപാര്‍പ്പിച്ചിട്ടില്ല. തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല.മുഖ്യമന്ത്രിയുടെ വീട്ടില്‍ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാന്‍ 5000 രൂപയാണ് വകയിരുത്തിയരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണം  - സമരസമിതി കൺവീനർ ഫാദർ തിയോഡിഷ്യസ് ഡിക്രൂസ്

അതിനിടെ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍കി.എല്ലാ ജില്ലകളിലും പൊലിസ് വിന്യാസം നടത്താൻ ക്രമസമാധാന ചുമതലയുള്ള ADGP നിർദ്ദേശം നല്‍കി.അവധിയിലുള്ളവർ തിരിച്ചെത്തണം.തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണം . മുഴുവൻ പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാകണം.: DIG മാരും IGമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണമെന്നും എഡിജിപി നിര്‍ദ്ദേശിച്ചു


 

Follow Us:
Download App:
  • android
  • ios