
കണ്ണൂർ: തലശ്ശേരി - മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്കുകൾ നിശ്ചയിച്ചു. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപയാണ് നിരക്ക്. ബസുകൾക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം.
ഇരുവശത്തേക്കും യാത്രയുണ്ടെങ്കിൽ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ നല്‍കേണ്ടി വരും. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയിൽ നിലവിൽ കല്യാശ്ശേരിയിൽ ടോൾ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററിൽ ഒരു ടോൾ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കിൽ ദേശീയപാതാ നവീകരണം പൂർത്തിയായാൽ മാഹി ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കും.
മാഹി, തലശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം എന്നുള്ളതാണ് ബൈപ്പാസിന്‍റെ ഗുണം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ്. എറണാകുളം പെരുമ്പാവൂരിലെ ഇകെകെ കമ്പനിക്കാണ് നിർമ്മാണ ചുമതല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam