
ജയ്പൂർ: രാജസ്ഥാനിൽ പുതിയതായി നിർമ്മിച്ച സംസ്ഥാന പാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി.ഞായറാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നായിരുന്നു സംഭവം. ഝുൻഝുനു ജില്ലയിൽ ഉദയ്പൂർവതിയിലെ ബാഗുലിയിലൂടെ കടന്നുപോകുന്ന കട്‌ലി നദിയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് റോഡ് ഒലിച്ചുപോയത്. ഈ പ്രദേശത്ത് 86 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നദിയിലെ ശക്തമായ ഒഴുക്ക് പുതുതായി നിർമ്മിച്ച റോഡിന് ഭീഷണിയാവുകയും റോഡിന്റെ ഒരു വലിയ ഭാഗം ഒലിച്ചുപോവുകയുമായിരുന്നു. സികാർ, ഝുൻഝുനു, ചുരു ജില്ലകളിലൂടെ ഒഴുകുന്ന കട്‌ലി നദിയിൽ മഴക്കാലത്ത് മാത്രമാണ് കാര്യമായി വെള്ളമുണ്ടാവുക. എന്നാൽ അടുത്ത കാലത്തായി നദീതീരത്ത് നിരവധി കൈയേറ്റങ്ങൾ കണ്ടെത്തിയിരുന്നു. നദിയിലെ കൈയേറ്റങ്ങളും അനധികൃത മണൽ, ഖനനവും തടയാൻ സർക്കാർ നടപടികളും ആരംഭിച്ചിരുന്നു.
റോഡ് തകർന്നതിന് പിന്നാലെ പരിസര ഗ്രാമങ്ങളിലെ നിരവധി ആളുകൾ ഈ കാഴ്ച കാണാൻ തടിച്ചുകൂടുകയും വീഡിയോകൾ എടുക്കുകയും ചെയ്തു. ഈ വീഡിയോകൾ പിന്നീട് സോഷ്യൽ മീഡിയയിലും പ്രചരിച്ചു. റോഡ് ഇടിഞ്ഞപ്പോൾ ഒപ്പം ഒരു വൈദ്യുത പോസ്റ്റും വെള്ളത്തിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ ഒരു വീഡിയോ ക്ലിപ്പിൽ കാണാം.
ഝുൻഝുനു, സികാർ എന്നിവിടങ്ങളിലേക്ക് പോകുന്ന ദേശീയപാത 52-മായി ബാഗുലിയെയും ജഹാജിനെയും ബന്ധിപ്പിക്കുന്നതിനായി ആറ് മാസം മുമ്പാണ് ഈ സംസ്ഥാന പാത നിർമ്മിച്ചത്. റോഡ് നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സംഘം റോഡ് പരിശോധിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam