അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ ഇന്ന് തീരുമാനിക്കും; മാർപാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

By Web TeamFirst Published Aug 30, 2019, 11:45 AM IST
Highlights

കർദ്ദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയ്ക്ക് പകരം മാണ്ഡ്യ രൂപത ബിഷപ് ആന്‍റണി കരിയിൽ അതിരൂപതയുടെ ചുമതലയിലെത്തും. 

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക്  സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ ഇന്ന് തീരുമാനിക്കും. കർദ്ദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയ്ക്ക് പകരം മാണ്ഡ്യ രൂപത ബിഷപ് ആന്‍റണി കരിയിൽ അതിരൂപതയുടെ ചുമതലയിലെത്തും. . സഭാ ഭൂമി വിൽപ്പനയിൽ  വിമതവിഭാഗത്തെ പിന്തുണച്ചതിന്  സസ്പെന്‍റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടലിനെയും സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്. മാർപാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും. 

ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയിൽ രണ്ട് വർഷമായി പുകയുന്ന പ്രതിസന്ധികൾക്കുള്ള പരിഹാര നടപടികളാകും മാർപ്പാപ്പയുടെ ഇന്നത്തെ പ്രഖ്യാപനത്തിലൂടെ ഉണ്ടാകുക.  എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ വികർ എന്ന പദവിയിൽ സ്വതന്ത്ര ചുമതലയുള്ള ബിഷപായാണ്  മാണ്ഡ്യ രൂപത ബിഷപ്  ആന്‍റണി കരിയൽ എത്തുന്നത്.

സിഎംഐ  സന്ന്യാസ സഭാംഗവും എറണാകുളം- അങ്കമാലി അതിരൂപതക്കാരനുമാണ് ആന്‍റണി കരിയിൽ. സ്വതന്ത്ര ചുമതലയിൽ ബിഷപ് എത്തുകയാണെങ്കിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ   അതിരൂപതയുടെ ദൈനംദിന ഭരണചുമതലയിൽ നിന്ന് പൂർണ്ണമായും  മാറ്റും. പകരം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ആയി അദ്ദേഹം തുടരും. ഭൂമി ഇടപാട്, വ്യാജ രേഖ കേസ് അടക്കമുള്ളവയിൽ  സഭയെ മുൾമുനയിൽ നിർത്തിയ ഒരു വിഭാഗം വൈദികർക്കും സിനഡ് കടിഞ്ഞാണിട്ടേക്കും.ഇതിന്‍റെ ഭാഗമായി  സസ്പെന്‍റ് ചെയ്യപ്പെട്ട സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സ്ഥലം മാറ്റുമെന്നാണ് വിവരം.

എന്നാൽ, അതിരൂപത സഹായമെത്രാൻ  പദവി തിരിച്ച് നൽകി വേണം ഇരുവരെയും സ്ഥലം മാറ്റാനെന്ന ആവശ്യം സിനഡ് അംഗീകരിച്ചേക്കും. മാണ്ഡ്യ ബിഷപ് എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയിലേക്ക് വരികയാണെങ്കിൽ പകരം ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്തിന് മാണ്ഡ്യയിലെ ചുമതല നൽകും. മാർ ജോസ് പുത്തൻവീട്ടിലിനെ ദില്ലി ഫരീദാബാദ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കും.  

click me!