
തിരുവനന്തപുരം: വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിൻകരയിൽ മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികൾ. തങ്ങൾക്ക് തർക്ക ഭൂമിയിൽ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരനിർദേശം നൽകുകയായിരുന്നു.
കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വീട് വെച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എഎ റഹീം അറിയിച്ചു.
സംഭവത്തിൽ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
കോടതി ഉത്തരവ് നടപ്പിലാക്കേണ്ടതാണെങ്കിലും ആത്മാഭിമാനത്തിന് പോറലേറ്റ ഒരു സാധാരണ പൗരനെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാൻ സ്ഥലത്തുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ശ്രമിക്കേണ്ടതായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകയായ അശ്വതി ജ്വാല സമർപ്പിച്ച പരാതിയിൽ പറയുന്നു. നിയമപാലകരുടെ മുന്നിൽ രണ്ട് ജീവനുകൾ ഇല്ലാതായ സംഭവം പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴചയാണെന്നും പരാതിയിലുണ്ട്. സാഹചര്യം മനസിലാക്കാതെ പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam