ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാന്ദൻ അടക്കമുള്ള 4 പേർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമ വിധിയിൽ എങ്ങനെ വിചാരണ കോടതിയ്ക്ക് പറയാനാകുമെന്നാണ് കോടതിയുടം ചോദ്യം.
കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാന്ദൻ അടക്കമുള്ള 4 പേർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമ വിധിയിൽ എങ്ങനെ വിചാരണ കോടതിയ്ക്ക് പറയാനാകുമെന്നാണ് കോടതിയുടെ ചോദ്യം. വിധി സൂക്ഷമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപ്പീൽ സിബിഐയ്ക്കും സർക്കാറിനും നോട്ടീസ് അയച്ച കോടതി അപ്പീൽ പിന്നീട് പരിഗണിക്കാൻ മാറ്റി.
പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതായിരുന്നു വിധി. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്.
കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം. 2001 ൽ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോൾ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികൾക്ക് ഭൂമി നൽകാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയിൽ ഉറപ്പ് പാലിക്കാത്തതിനാൽ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികൾ ഇവർക്കൊപ്പം ഇതേ ഭൂമിയിൽ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയിൽ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു.
കെ സുധാകരൻ ആയിരുന്നു അന്ന് വനംമന്ത്രി. ചർച്ചകൾ ഫലം കണ്ടില്ല. ഒടുവിൽ ഫെബ്രുവരി 19ന് പോലീസ് നടപടി ആരംഭിച്ചു. ആദിവാസികൾ കിട്ടിയ കുടിലുകൾ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പോലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികൾ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു.
സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപ്പെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതി ചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു.
