ദേശീയ പാത തകർന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികൾ ? എൻഎച്ച്എഐ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും

Published : Jun 05, 2025, 05:18 AM IST
ദേശീയ പാത തകർന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികൾ ? എൻഎച്ച്എഐ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും

Synopsis

കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്.

കൊച്ചി: നി‍ർമാണത്തിലിരുന്ന ദേശീയ പാത വിവിധയിടങ്ങളിലായി തകർന്ന സംഭവത്തിൽ എൻഎച്ച്എഐ (നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്. പാത തകർന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികൾ, എന്താണ് പരിഹാരം തുടങ്ങിയ കാര്യങ്ങൾ മറുപടിയായി നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കര്‍മപദ്ധതി തയ്യാറാക്കാനൊരുങ്ങുന്നു

ദേശീയപാതയിലെ വെളളക്കെട്ട് പരിഹരിക്കാന്‍ ദേശീയ പാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും യോജിച്ച് കര്‍മപദ്ധതി തയ്യാറാക്കാനൊരുങ്ങുന്നു. ദേശീയ പാത നിര്‍മാണത്തോടെ പലയിടത്തും നീരൊഴുക്ക് തടസ്സപ്പെട്ട് വെളളക്കെട്ട് രൂപപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ശ്രമം. നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ വിവിധ വകുപ്പകുളുടെ സഹകരണവും ആവശ്യമെന്നാണ് ദേശീയ പാത അതോറിറ്റിയുടെ നിലപാട്.

കൂരിയാട് അപകടത്തോടെ ദേശീയ പാതയുടെ നിര്‍മാണ നിലവാരം രാജ്യമാകെ ചര്‍ച്ചയായി. പിന്നാലെ പെയ്ത ശക്തമായ മഴയോടെ ഓവുചാല്‍ നിര്‍മാണത്തിലെ അപാകതയും അതുവഴിയുണ്ടായ വെളളക്കെട്ടിന്‍റെയും വ്യപ്തിയും ഏവരും തിരിച്ചറിയുകയും ചെയ്തു. പുതുതായി പാത നിര്‍മിച്ചയിടങ്ങളിലും നിലവിലുളള പാത 45 മീറ്ററായി വികസിപ്പിച്ചയിടങ്ങളിലും മഴവെളളം ഒഴുകിപ്പോകാതെ പാതയിലും പാതയോരത്തുമായി കെട്ടി നിന്നു. ഈ വിഷയത്തിലും ദേശീയ പാത അതോറിറ്റിക്കു നേരെ വിമര്‍ശനം ശക്തമായതിനു പിന്നാലെയാണ് വീഴ്ച തങ്ങളുടേത് മാത്രമല്ലെന്ന് ദേശീയ പാത അതോറിറ്റി നിലപാടെടുത്തതും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതും. 45 മീറ്റര്‍ വീതിയില്‍ മാത്രം റോഡ് നിര്‍മിക്കുന്ന ദേശീയ പാത അതോറിറ്റിക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കൂടി നീരൊഴുക്ക് ഉറപ്പാക്കേണ്ട ചുമതലയുണ്ടെന്ന കാര്യം ദേശീയ പാത അധികൃതര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതോടെയാണ് യോജിച്ചുളള ഒരു പദ്ധതിക്കായി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. ദേശീയപാതയുടെ ഇരു ഭാഗത്തുമുളള നീര്‍ചാലുകളുടെ ഒഴുക്ക് ക്രമപ്രകാരമാണെന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങി വിവിധ വകുപ്പുകള്‍ക്കുണ്ടെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ പറയുന്നു. അതായത് ഭൂമി ഏറ്റെടുത്ത് ദേശീയ പാത അതോറ്റിക്ക് കൈമാറിയതിനപ്പുറം ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ പോലും കേന്ദ്ര സംസ്ഥാന ഏജന്‍സികല്‍ തമ്മില്‍ കൂടിയാലോചന നടന്നിരുന്നില്ല എന്നും വ്യക്തം. പലയിടത്തും വെളളത്തിന്‍റെ ഒഴുക്കോ ഭൂമിയുടെ ഘടനയോ പരിഗണിക്കാതെയായിരുന്നു ഓവുചാലുകള്‍ നിര്‍മിച്ചത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുളളള മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇടവപ്പാതിയുടെ നല്ലൊരു പങ്കും ഇനി ബാക്കിയാണെന്നിരിക്കെ പ്രശ്നപരിഹാരം എത്രവേഗത്തില്‍ എത്രകണ്ട് നിലവാരത്തില്‍ എന്നാണ് ഇനി അറിയാനുളളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം