മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്‍റെ ജിപിഎസ് റെക്കോഡർ കസ്റ്റഡിയിലെടുത്ത് എൻഐഎ

By Web TeamFirst Published Sep 23, 2020, 11:20 AM IST
Highlights

തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള സി ആപ്റ്റ് ഓഫീസിൽ ഇന്നലെയും എൻഐഎ എത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ സ്റ്റോർ കീപ്പറുടെയും ചില ജീവനക്കാരുടെയും മൊഴിയുമെടുത്തു.

തിരുവനന്തപുരം: നയതന്ത്രബാഗ് വഴി തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് എത്തിച്ച മതഗ്രന്ഥങ്ങൾ പ്രോട്ടോക്കോൾ ലംഘിച്ച് സർക്കാർ വാഹനത്തിൽ കൊണ്ടുപോയി വിതരണം ചെയ്ത സംഭവത്തിൽ സി ആപ്റ്റിൽ വീണ്ടും പരിശോധന നടത്തി എൻഐഎ. മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാരേഖകൾ എൻഐഎ ശേഖരിച്ചു. മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്‍റെ ജിപിഎസ് റെക്കോഡർ എൻഐഎ കസ്റ്റഡിയിലെടുത്തു. വാഹനം എങ്ങോട്ടൊക്കെയാണ് പോയത്, എവിടെയെല്ലാം നിർത്തി എന്നിങ്ങനെ വിശദമായ പരിശോധന എൻഐഎ നടത്തും.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റിലേക്ക് യുഎഇ കോൺസുലേറ്റിൽ നിന്ന് എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. മന്ത്രി കെ ടി ജലീലിന്‍റെ നിർദേശപ്രകാരമായിരുന്നു സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. ഇക്കാര്യത്തിൽ കസ്റ്റംസ് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് എൻഐഎ പരിശോധന. സി ആപ്ടിലെ സ്റ്റോർ കീപ്പർമാർ അടക്കമുളള ചില ജീവനക്കാരുടെ മൊഴി ഇന്നലെ എൻഐഎ രേഖപ്പെടുത്തിയിരുന്നു.

32 പാക്കറ്റുകൾ ആണ് ആകെയുണ്ടായിരുന്നതെന്നും, ഒരു പാക്കറ്റ് ഈ സ്ഥാപനത്തിൽ വച്ച് പൊട്ടിച്ചുവെന്നും എൻഐഎയുടെ ചോദ്യം ചെയ്യലിൽ മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. ബാക്കിയുള്ളവ പൊട്ടിക്കാതെ മലപ്പുറത്ത് സൂക്ഷിച്ചിരിക്കുകയാണ്. 

click me!