
കോഴിക്കോട്: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ തടിയന്‍റവിട നസീർ, ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എൻ ഐ എ സുപ്രീംകോടതിയെ സമീപിച്ചു. സ്ഫോടനത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഐ എ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. എൻ ഐ എയുടെ അപ്പീൽ സെപ്റ്റംബർ 12 ന് പരിഗണിക്കാൻ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
2006 മാര്‍ച്ച് 3 ന് ഉച്ചയ്ക്ക് 12.55 ന് കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും 15 മിനുട്ടിന് ശേഷം മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്‍ഡിലുമാണ് സ്ഫോടനം നടന്നത്. രണ്ട് പൊലീസുകാരടക്കം മൂന്ന് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. 2010 ല്‍ തടിയന്‍റവിട നസീർ കസ്റ്റഡിയില്‍ ആയതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. 2011 ലാണ് കേസിലെ ഒന്നാം പ്രതിയായ നസീറിന് എൻ ഐ എ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
പിന്നാലെ പ്രതികളുടെ അപ്പീൽ ഹർജിയും, എൻ ഐ എ ഹർജിയിലും വാദം കേട്ട ശേഷം കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്‍റവിട നസീർ, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികൾ ശിക്ഷ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam