
പാലക്കാട് : ആർഎസ്എസ് നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്നു സിഎ റൗഫുമായി എൻഐഎ തെളിവെടുപ്പ്. പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എൻഐഎ സംഘം തെളിവെടുത്തത്. സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തു റൗഫ് അടക്കം നേതാക്കളുടെ അറിവോടെ കൊല ചെയ്യാൻ ഗൂഡലോചന നടത്തി എന്നു പൊലീസും കണ്ടെത്തിയിരുന്നു. കൊല്ലപ്പെടേണ്ട ആർഎസ്എസ് നേതാക്കളുടെ പട്ടികയും ഇവർ സംസാരിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് കാരണങ്ങളായവയിൽ ശ്രീനിവാസൻ കൊലക്കേസും ഉൾപ്പട്ടിരുന്നു. ഇതിനു പിന്നാലെയാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. രാവിലെ 9.45 ഓടെ സിഎ റൗഫുമായുള്ള എൻഐഎ സംഘം പാലക്കാട് എസ്പി ഓഫീസിൽ എത്തി. തൊട്ടുപിന്നലെ ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി എം അനിൽ കുമാറുമെത്തി. അരമണിക്കൂറോളം എസ്പി ഓഫീസിൽ ചെലവഴിച്ച ശേഷമാണ് ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചത്.
കേസ് എൻഐഎ ഏറ്റെടുത്തേക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. കേസിൽ എൻഐഎ പ്രാഥമിക വിവരശേഖരണം നടത്തുന്നുണ്ട്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്തു ആയിരുന്നു ആദ്യ തെളിവെടുപ്പ്. റൗഫിനെ വണ്ടിയിൽ നിന്ന് ഇറക്കിയില്ല. ഉദ്യോഗസ്ഥർ മോർചറി പരിസരം, ചില വീടുകൾ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ വിദേശ ഫണ്ട് വരവ്, സമരപരിപാടികൾ, വിവിധ കേസിലെ പ്രതികൾക്കുള്ള നിയമസഹായം എന്നിവ കൈകാര്യം ചെയ്തിരുന്നത് റൗഫ് ആയിരുന്നു. ഒക്ടോബർ 28ന് പുലർച്ചെ ആണ് പട്ടാമ്പിയിലെ വീട് വളഞ്ഞ് എൻഐഎ റൗഫനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ തെളിവ്വെടുപ്പ്.
അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്തിലുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. സ്വമേഥയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നാശനഷ്ടങ്ങൾക്ക് കാരണക്കാരായവരുടെ വസ്തുവകകൾ കണ്ടുകെട്ടിന്ന നടപടികളുടെ പുരോഗതിയടക്കം വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരം അടക്കുന്നതിൽ ഇളവ് വേണമെന്ന് പിഎഫ്ഐ നേതാവ് അബ്ദുൾ സത്താർ കോടതിയിൽ ആവശ്യപ്പെട്ടു. അഞ്ചു കോടി രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കണമെന്നായിരുന്നു നേരത്തെ കോടതി നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam