'പോപ്പുലര്‍ ഫ്രണ്ട് ഐഎസിനെ സഹായിക്കുന്നു', ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഡാലോചന നടത്തിയെന്ന് എന്‍ഐഎ

By Web TeamFirst Published Sep 22, 2022, 9:53 PM IST
Highlights

കുറ്റാരോപണം പിഎഫ്ഐ ഭാരവാഹികൾ തള്ളി. പ്രതികളെ കൊച്ചി എൻഐഎ കോടതി അടുത്ത് 20 വരെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി.  

കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ  ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ ഐ എ. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. എന്നാൽ കുറ്റാരോപണം പി എഫ് ഐ ഭാരവാഹികൾ തള്ളി. പ്രതികളെ കൊച്ചി എൻ ഐ എ കോടതി അടുത്ത് 20 വരെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി.  

പി എഫ് ഐ ദേശീയ ഭാരവാഹി കരമന അഷ്റഫ് മൊലവി അടക്കം 11 പേരാണ് അറസ്റ്റിലായത്. നാല് ദിവസം മുന്‍പ് തുടങ്ങിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച പരിശോധന ഇന്ന് രാവിലെ വരെ നീണ്ടു. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ദില്ലിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്‍ഡിന് നേതൃത്വം കൊടുത്തത്. 

പലയിടത്തും സംസ്ഥാന പൊലീസിന് ഒഴിവാക്കി കേന്ദ്രസേനയുടെ സുരക്ഷയോട് കൂടിയായിരുന്നു പരിശോധന. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കരമന അഷ്റഫ് മൊലവി, പത്തനം തിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമ്മദ്, സോണൽ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ, എംഎംമുജീബ്, അൻസാരി.നജ് മുദ്ദീൻ, സൈനുദ്ദീൻ, പികെ ഉസ്മാൻ, സംസ്ഥാന ഭാരവാഹിയായ യഹിയ കോയ തങ്ങൾ, കെ മുഹമ്മദാലി, കാസകോട് ജില്ലാ പ്രസിഡന്‍റ് സിടി സുലൈമാൻ എന്നിവരാണ് അറസ്റ്റിലായത്.

tags
click me!