
തൃശൂർ: ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തന്റെ തന്നെയാണെന്ന് മണ്ണുത്തിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസൻ. അതെങ്ങനെ പുറത്തു പോയി എന്നെനിക്കറിയില്ലെനന്ന് നിബിൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ശരത്ത് ഏറ്റവും അടുത്ത സുഹൃത്താണ്. ഒന്നരക്കൊല്ലം മുമ്പാണ് ഇതെല്ലാം പറയുന്നത്. ഫോണിലാണോ റെക്കോർഡ് ആണോ എന്നെനിക്കറിയില്ല. ഞാനും ശരത്തും തമ്മിലാണ് സംസാരിച്ചത്. ശരത്തുമായുള്ള സംഭാഷണത്തിൽ കേൾവിക്കാരൻ മാത്രമായിരുന്നു താൻ. അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ശരത്താണ്. കണ്ണനെപ്പറ്റിയും മൊയ്തീനെ പറ്റിയും വെളിപ്പെടുത്തൽ നടത്തിയത് ശരത്താണ്. എംകെ കണ്ണന്റെ ചരിത്രം അന്വേഷിക്കാൻ ഞാൻ പോയിട്ടില്ല. എംകെ കണ്ണിന്റെ തൊഴിലിനെ മോശമാക്കി സംസാരിച്ചത് ശരത്താണെന്നും നിബിൻ പറഞ്ഞു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ടും സിപിഎം നേതാക്കളുടെ നിലവിലെ അവസ്ഥ വച്ചിട്ടുമാണ് ശരത്ത് സംസാരിച്ചത്. ഞാനൊരു നേതാക്കളെയും മോശമാക്കി സംസാരിച്ചിട്ടില്ല. അഴിമതി സംസാരിച്ചതിനാണ് സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയത്. ഗുരുതരമായ ആരോപണം ശരത്തിന്റെ ഭാഗത്തുനിന്ന് പുറത്തുവരുമ്പോൾ ശരീത്തിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക. ഞങ്ങൾ തമ്മിലുള്ള സംസാരം ആരു റെക്കോർഡ് ചെയ്തു എന്നെനിക്കറിയില്ല. സംസാരം കൃത്യമാണ്. ശരത്ത് പറഞ്ഞതു മുഴുവൻ എന്നോട് പറഞ്ഞതാണ്. ശബ്ദരേഖ പുറത്തുവിട്ടത് താനല്ല. പുറത്തുവിടാൻ ആയിരുന്നെങ്കിൽ നേരത്തെ തന്നെ പുറത്തു വിടാമായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ദേശാഭിമാനി പത്രത്തിലൂടെയാണ് അറിഞ്ഞത്. ഒരു പഞ്ചായത്തിനകത്ത് ഒതുങ്ങിനിൽക്കുന്ന അഴിമതിയാണ് താൻ ഉന്നയിച്ചത്. എന്നാൽ ഇത് അതിനേക്കാൾ വളരെ വലിയ ഗൗരവമുള്ള കാര്യങ്ങളിലേക്ക് പോയെന്നും നിബിൻ ശ്രീനിവാസൻ പറഞ്ഞു.
സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർത്തി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാനല്ല, മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. എംകെ കണ്ണന് കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
വലിയ വലിയ ഡീലേഴ്സാണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്. അനൂപ് കാട, എസി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗ് നടത്തുന്നവരാണ്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് എസി മൊയ്തീൻ എന്നും ശരത് പ്രസാദ് ശബ്ദ സന്ദേശത്തിൽ പറയുന്നു. ഏരിയ സെക്രട്ടറിക്ക് പരമാവധി 10,000 രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാൽ അത് ഇരുപത്തി അയ്യായിരത്തിന് മുകളിലാവും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ അത് 75000 ഒരു ലക്ഷമാകും പിരിവ്. ഇൻട്രസ്റ്റ് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള നമ്മുടെ ജീവിതമെന്നും ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് ടെലിഫോൺ സംഭാഷണത്തിനിടെ പറയുന്നുണ്ട്.