
മലപ്പുറം : കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. 7 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 47 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.
രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു സമയം പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
ഗ്രാമ നഗര മേഖലകളില്‍ ബൂത്തുകളില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായപ്പോള്‍ ആദിവാസി മേഖലയില്‍ മന്ദഗതിയിലാണ് പോളിങ്. ഇടതുമുന്നണി സ്ഥാനാർത്ഥി എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.
ശുഭ പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ
വോട്ടെടുപ്പ് ദിവസമായ ഇന്നും തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികളെല്ലാം. പൂർണ ആത്മവിശ്വാസത്തിലാണെന്ന് എം സ്വരാജ് പറഞ്ഞപ്പോള്‍, ചരിത്രഭൂരിപക്ഷത്തിന് ജയിക്കുമെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. താൻ എഴുപത്തി അയ്യായിരം വോട്ടിലേറെ നേടുമെന്നാണ് പിവി അൻവർ പറഞ്ഞത്. വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും പറഞ്ഞു.
ആർഎസ്എസ് പരാമർശം വീണ്ടും ചർച്ചയാക്കി കോൺഗ്രസ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദിവസം എം വി ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും ചർച്ചയാക്കി കോൺഗ്രസ്. ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള മുഖ്യന്ത്രിയുടെ വിശദീകരണം കേട്ടപ്പോൾ അവസരവാദമേ താങ്കളുടെ പേരാണോ പിണറായി വിജയൻ എന്ന് ചോദിക്കാൻ തോന്നുകയാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. എം വി ഗോവിന്ദന്റെ പരാമർശം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നു എന്നാണ് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വിശദീകരിച്ചു.