
മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിൽ 11,077 വോട്ടിന്‍റെ ഭൂരിപക്ഷവുമായി വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് ശതമാന കണക്കിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടുകളിൽ 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ വോട്ട് ശതമാനത്തിൽ ആര്യാടൻ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്.
ആകെ പോള്‍ ചെയ്ത വോട്ടുകളിൽ ആര്യാടൻ ഷൗക്കത്ത് 44.17 ശതമാനം നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. ഇതിനിടെയും ശക്തി തെളിയിക്കാൻ പിവി അൻവര്‍ 11.23ശതമാനം വോട്ടാണ് നേടിയെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്. എൽഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവഹിതം ഉയര്‍ത്തുകയും ചെയ്തു. ആകെ 77737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്.
എം. സ്വരാജിന് 66660 വോട്ട് മാത്രമാണ് കിട്ടിയത്. പി.വി.അൻവറിന് 19760 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 8648 വോട്ടും നേടാനായി. എസ്ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി 2075 വോട്ടുകൾ നേടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ലീഡ് നേടിയ ആര്യാടൻ ഷൗക്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല.
ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചതിന്‍റെ ആഹ്ലാദത്തിലാണ് യുഡിഎഫ്. മണ്ഡലത്തിലുടനീളം ആഘോഷം തുടരുകയാണ്. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലുള്ള മിന്നും വിജയത്തിൽ നാടെങ്ങളും പടക്കം പൊട്ടിച്ചും മധുരം വിതരം ചെയ്തുമാണ് യുഡിഎഫിന്‍റെ ആഘോഷം. എം സ്വരാജിന്‍റെ സ്വന്തം പഞ്ചായത്തിലും ബൂത്തിലും വരെ സ്വരാജിനെ ആര്യാടൻ പിന്നിലാക്കി. പോസ്റ്റൽ വോട്ടുകളിലും ആര്യാടൻ ഷൗക്കത്ത് മുന്നിൽ എത്തി. 650 പോസ്റ്റൽ വോട്ടുകൾ ഷൗക്കത്തും 501 വോട്ടുകൾ സ്വരാജും നേടി.