നിലമ്പൂ‍ർ തെരഞ്ഞെടുപ്പ്; യുഡിഎഫിൽ സസ്പെൻസ്, എൽഡിഎഫിൽ തിരക്കിട്ട ചർച്ചകൾ, താൽപര്യം കാട്ടാതെ ബിജെപി

Published : May 25, 2025, 05:48 PM ISTUpdated : May 25, 2025, 06:06 PM IST
നിലമ്പൂ‍ർ തെരഞ്ഞെടുപ്പ്; യുഡിഎഫിൽ സസ്പെൻസ്, എൽഡിഎഫിൽ തിരക്കിട്ട ചർച്ചകൾ, താൽപര്യം കാട്ടാതെ ബിജെപി

Synopsis

ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ജയം ഉറപ്പാണെന്നും വിഎസ് ജോയ്. തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. ഉപതെരഞ്ഞെടുപ്പ് അനാവശ്യമെന്ന് മുൻ ബിജെപി സ്ഥാനാര്‍ത്ഥി അശോക് കുമാർ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. യുഡിഎഫിൽ ആരാകും സ്ഥാനാര്‍ത്ഥിയെന്നതിൽ സസ്പെന്‍സ് തുടരുകയാണ്. നാളെ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ എൽഡ‍ിഎഫ് തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. നിലമ്പൂരിൽ നിര്‍ണായക യോഗമടക്കം ചേരുന്നുണ്ട്. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യത്തിലടക്കം ബിജെപിയിൽ തീരുമാനമായില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആര്‍ക്കും ഗുണകരമല്ലെന്നും വോട്ടര്‍മാരെ അടിച്ചേൽപ്പിച്ചതാണെന്നുമാണ് ബിജെപിയുടെ നിലപാട്.

യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാരാകുമെന്നതിൽ ആകാംക്ഷ തുടരുമ്പോഴും ഒന്നും വിട്ടുപറയാൻ തയ്യാറല്ല വി.എസ്. ജോയ്. ആര് സ്ഥാനാർത്ഥിയായാലും പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ജയം ഉറപ്പാണെന്നും വിഎസ് ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി.വി. അൻവറിന്‍റെ പിന്തുണ പ്രധാനമാണെന്നും കോൺ​ഗ്രസിൽ പ്രശ്നങ്ങളോ തർക്കങ്ങളോ ഇല്ലെന്നും വി.എസ്. ജോയ് പറഞ്ഞു.അതേസമയം, തന്നെ സ്ഥാനാർത്ഥിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിനു വിജയിക്കും. ഭൂരിപക്ഷം എത്രയെന്നു പ്രവചിക്കാനില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പിണറായിസത്തിന്‍റെയും മരുമോനിസത്തിന്‍റെയും അവസാനമാകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പെന്ന് പി.വി. അൻവർ പറഞ്ഞു. യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയായാലും പിന്തുണയ്ക്കുമെന്നും പി.വി. അൻവർ പറഞ്ഞു. യുഡിഎഫ്  വിജയം ഉറപ്പാണെന്ന് ലീഗ് നേതാവ് അബ്ദുൽ വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ തന്നെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അബ്ദുൽ വഹാബ് പറഞ്ഞു

അതേസമയം, എൽഡിഎഫ് സ്ഥാനാർഥി ചർച്ചകൾ ആറു പേരുകളിലേക്ക് ചുരുങ്ങി. മുൻപ് ആര്യാടൻ മുഹമ്മദിനെ നേരിട്ട റിട്ടയേഡ് അധ്യാപകൻ പ്രൊഫസർ എം തോമസ് മാത്യു, മുൻ ഫുട്‌ബോൾ താരം യു ഷറഫലി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പി.ഷബീർ, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലിം, ആരോഗ്യവകുപ്പിൽ പ്രവർത്തിക്കുന്ന ഡോക്ടർ ഷിനാസ് ബാബു, സിപിഎം ജില്ലാ കമ്മിറ്റി അംഗം വിഎം ഷൗക്കത്ത് എന്നിവരാണ് പരിഗണനയിലുള്ളത്. തിരക്കിട്ട ചര്‍ച്ചകളിലൂടെ അധികം വൈകാതെ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രചാരണ പരിപാടികളുമായി സജീവമാകാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. .


എന്നാൽ, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് ബിജെപിയുടെ നിലപാട്. നിലമ്പൂരിൽ മത്സരിക്കണോ വേണ്ടയോ എന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായമാണുള്ളത്. ദേശീയ നേതൃത്വത്തോട് ആലോചിച്ചായിരിക്കും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഉപതെരഞ്ഞെടുപ്പ് ആര്‍ക്കും ഗുണം ചെയ്യാത്തതാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ വേണ്ടതെന്നും ബിജെപി യോഗത്തിൽ അഭിപ്രായമുയര്‍ന്നു. എന്നാൽ, മത്സരിച്ചില്ലെങ്കിൽ വിവാദം ആകുമെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. മത്സരിക്കുന്ന കാര്യത്തിലടക്കം എന്‍ഡിഎയുടെ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് അനാവശ്യമെന്ന് ബിജെപി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അനാവശ്യമെന്ന് നിലമ്പൂരിലെ കഴിഞ്ഞ തവണത്തെ ബിജെപി സ്ഥാനാർഥി അശോക് കുമാർ. ഉപതെരെഞ്ഞെടുപ്പിനെക്കാൾ ബിജെപി പ്രാധാന്യം നൽകുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനാണെന്നും അശോക് കുമാര്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മത്സരിക്കുന്നതും, സ്ഥാനാർഥിയെ നിർത്തുന്നതും ബിജെപി കോർ കമ്മിറ്റി തീരുമാനിക്കും. എൻഡിഎ സ്ഥാനാർഥിക്ക് ഇത്തവണ വോട്ട് കൂടും. ഓപ്പറേഷൻ സിന്ദൂർ ബിജെപിക്ക് ഗുണം ചെയ്യുമെന്നും അശോക് കുമാർ പറഞ്ഞു.

ഏത് സമയത്തും തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജം-സിപിഎം

ഏതുസമയത്തും തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമായിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി വിപി അനിൽ  പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ ആണോ സ്വതന്ത്ര ചിഹ്നത്തിൽ ആണോ മത്സരിക്കുന്നത് എന്നത് നേതൃത്വം തീരുമാനിക്കും. പി വി അൻവർ ആർക്കാണ് തലവേദനയെന്ന് ഇതിനകം തെളിഞ്ഞ് കഴിഞ്ഞു. നിലമ്പൂരിൽ വികസന നിലപാടുമായി മുന്നോട്ട് പോകും. നിലമ്പൂരിൽ വലിയ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഇത് എല്ലാം വോട്ടായി മാറും.  ജനം വിലയിരുത്തട്ടെ.സിപിഎം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും.  

അൻവർ എൽഡിഎഫിന്‍റെ ഭാഗമായി നിന്നത് കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത്. അത് എൽഡിഎഫിന്‍റെ ഭാഗമായതിനാലാണ്.  അൻവർ എൽഡിഎഫിന്‍റെ ഭാഗമായത് കൊണ്ടാണ് ജനങ്ങൾ അംഗീകരിച്ചതെന്നും വിപി അനിൽ പറഞ്ഞു. നിലമ്പുരിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് സിപിഎം നേതാവും നിലമ്പൂർ നഗരസഭ ചെയർപേഴ്സനുമായ മാട്ടുമ്മൽ സലീം പറഞ്ഞു. 

യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും നിലമ്പൂരിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ സഖ്യത്തെയാണ് തെരഞ്ഞെടുപ്പിൽ തോൽപ്പിക്കേണ്ടത് എന്ന തിരിച്ചറിവോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിന് നേരിടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
 

​​​​​

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം