
മലപ്പുറം: യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവര്‍ എംഎൽഎ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ വിലപേശലുകള്‍ക്കും അനുനയ നീക്കത്തിനുമൊടുവിലാണിപ്പോള്‍ പിവി അൻവര്‍ വി ഡി സതീശനെതിരെയടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ തുറന്നടിച്ചു.
താൻ എന്ത് തെറ്റാണ് ചെയ്തതെന്നും പിവി അൻവര്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. അൻവര്‍ നിലപാട് പറയട്ടെയെന്നായിരുന്നു വിഡി സതീശൻ ഇന്നലെ പറഞ്ഞത്. വിഡി സതീശനെതിരെയാണ് വാര്‍ത്താസമ്മേളനത്തിൽ പേര് പറയാതെ പിവി അൻവര്‍ വിമര്‍ശിച്ചത്.
യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു.താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു.ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. സിറ്റിംഗ് സീറ്റ് ആണ് വിട്ട് എറിഞ്ഞത്. എന്ത് സംരക്ഷണമാണുള്ളത്. സര്‍ക്കാര്‍ തന്‍റെ ഗൺമാനെയും തനിക്കുള്ള സുരക്ഷയും പിന്‍വലിച്ചു. ബിസിനസ് തകര്‍ത്തു. പാർക്ക് പ്രശ്നം പരിഹരിക്കാൻ പോലും മുഖ്യമന്ത്രി വഴി ശ്രമിച്ചിട്ടില്ല.
സർക്കാരിനെതിരെ പറഞ്ഞപ്പോൾ തനിക്കെതിരെ ഇപ്പോള്‍ 28 കേസുണ്ട്. തന്നെ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് യുഡിഎഫ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കാലുപിടിക്കാൻ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടരുത്. കത്രിക പൂട്ട് ഇട്ട് തന്നെ പൂട്ടുകയാണ്. കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെസി വേണുഗോപാലുമായി സംസാരിക്കും. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്ശം. തന്‍റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താതിരിക്കാൻ എന്ത് ന്യായമാണുള്ളത്. തൃണമൂലിനെ ഘടകക്ഷിയാക്കിയാൽ തൃണമൂല്‍ നേതാക്കള്‍ പ്രചരണത്തിനെത്തും. തന്നോട് നാമനിര്‍ദേശ പത്രിക നൽകാൻ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. കെ സുധാകരനും ചെന്നിത്തലയും ബന്ധപ്പെടുന്നുണ്ട്. കെ മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി. അത് പ്രഖ്യാപിക്കണമെന്നും പിവി അൻവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam