
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ ഏഴായിരത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്. വിജയമുറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി തന്‍റെ ജന്മനാടായ പോത്തുകല്ലിൽ പോലും പിന്നിലാണ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ലീഡ് ഉയർത്തിയ ആവേശത്തിവാണ് യുഡിഎഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. സിപിഎം കോട്ടയായ വിഎസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റമാണ് കോൺഗ്രസ് കാഴ്ച വെച്ചത്.
'പോത്തുക്കല്ലും തൂക്കി, ലീഡ് 630' എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കിൽ കുറിച്ചത്. 'ജോയ് ഫുൾ' ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയടക്കമുള്ളവരുടെ കമന്‍റ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആദ്യം ഉയർന്നു കേട്ട പേരാണ് വിഎസ് ജോയിയുടേത്. പ്രഖ്യാപനം വന്നപ്പോൾ നറുക്ക് ആര്യാടൻ ഷൌക്കത്തിന് വീണെങ്കിലും പാർട്ടി തീരുമാനത്തിനൊപ്പം സ്ഥാനാർത്ഥിക്ക് വേണ്ടി രാപ്പകലില്ലാതെ പ്രചാരണത്തിലായിരുന്നു ജോയ്. തന്‍റെ വാർഡിലടക്കം കൈവരിച്ച ലീഡ് ജോയിക്ക് വ്യക്തിപരമായി നേട്ടമാണ്.
ഡിസിസി ഓഫീസിൽ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ പഞ്ചായത്തിൽ കൈവരിച്ച നേട്ടം ആഘോഷിച്ചത്. 'യുഡിഎഫിന്റെ കണക്കുകൾ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വരും. ഞങ്ങൾ ഭൂരിക്ഷം 12000 എന്ന കണക്കാണ് പറഞ്ഞത്'. അതിലേറെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിഎസ് ജോയ് പ്രതികരിച്ചു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണ് അവസാന ഘട്ടത്തിൽ അൻവർ യുഡിഎഫിനെ പിന്തുണക്കാതെ ഒറ്റക്ക് മത്സരിക്കുന്നതിലേക്ക് എത്തിയത്. ആര്യാടൻ ഷൌക്കത്തിനെ ഒഴിവാക്കി, വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പിവി അൻവർ യുഡിഎഫിന് മുന്നിൽ വെച്ച ആവശ്യം. വിഎസ് ജോയിയെ നേരിട്ട് വിളിച്ച് അനുനയിപ്പിച്ചാണ് കോൺഗ്രസ് ഒപ്പം നിർത്തിയത്.