
ദില്ലി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനമെന്ന് തൃണമൂൽ കോൺഗ്രസ്. പി വി അൻവർ മത്സരിക്കണം എന്നതാണ് ഇപ്പോഴത്തെ ധാരണയെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പാർട്ടി ഇതിന് പച്ചക്കൊടി കാട്ടിയതായി മുതിർന്ന ടിഎംസി നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ തിങ്കളാഴ്ച വരെ പത്രിക നല്കാൻ സമയം ഉണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും ടിഎംസി സൂചിപ്പിച്ചു.
പ്രശ്നപരിഹാരത്തിന് ടിഎംസി ദേശീയ നേതൃത്വവും ശ്രമം നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ കെസി വേണുഗോപാലുമായി സംസാരിച്ചു. ടിഎംസിയെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാൻ എഐസിസിക്ക് എതിർപ്പില്ലെന്നാണ് സൂചന. പി വി അൻവറിൻ്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനം.
തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നായിരുന്നു പിവി അൻവര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അൻവര്‍ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം തൽക്കാലത്തേക്ക് നീട്ടിയതായി പിവി അൻവര്‍ അറിയിച്ചത്. യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നാണ് അന്‍വര്‍ പറഞ്ഞത്. അതേസമയം, അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ യുഡിഎഫ് ഇന്ന് യോഗം ചേരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം