
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കൊട്ടിക്കലാശത്തിന്‍റെ ആവേശക്കടലിരമ്പം. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി.
നിലമ്പൂര്‍ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെയും പ്രവര്‍ത്തകരുടെയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തും പ്രവര്‍ത്തകരും കൊട്ടിക്കലാശവുമായി നിലമ്പൂര്‍ ടൗണിനെ ഇളക്കിമറിക്കുകയാണ്. ബിജെപി ക്യാമ്പും ആവേശത്തിലാണ്.കലാശക്കൊട്ടിനില്ലെന്നും 19നാണ് യഥാര്‍ത്ഥ കൊട്ടിക്കലാശമെന്നുമാണ് പിവി അൻവറിന്‍റെ നിലപാട്.
നിലമ്പൂര്‍ ടൗണിലാണ് മുന്നണികളുടെ കൊട്ടിക്കലാശം നടക്കുന്നത്. ആറുമണിയോടെ കൊട്ടിക്കലാശത്തിന് സമാപനമാകും. പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം വെച്ചുകൊണ്ട് നേതാക്കളും സ്ഥാനാര്‍ത്ഥികളും കൊട്ടിക്കലാശം കളറാക്കുകയാണ്.
പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കൊട്ടിക്കലാശത്തിന് മുന്നോടിയുള്ള റോഡ് ഷോയിലും ആവേശം വാനോളമാണ്. അവസാനഘട്ട പ്രചാരണവുമായി പിവി അൻവറും സജീവമാണ്. രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നടക്കുന്നത്.
അവസാന മണിക്കൂറുകളിൽ റോഡ് ഷോകളുമായി ആവേശം കൊഴുപ്പിക്കുകയാണ് മുന്നണികൾ. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂര്‍ മറ്റന്നാളാണ് വിധിയെഴുതുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫും സർക്കാരിന്‍റെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ചില മേഖലകളിലെങ്കിലും ഇരു മുന്നണികൾക്കും വെല്ലുവിളിയാകുന്നുണ്ട് പിവി അൻവറിന്‍റെ സാന്നിദ്ധ്യം.
അവസാനഘട്ടത്തിൽ മാത്രം കളത്തിലിറങ്ങിയ ബിജെപി വോട്ട് വിഹിതം നിലനിർത്താനുള്ള ശ്രമത്തിലാണ്. കൊട്ടിക്കലാശമുണ്ടാകില്ലെന്നും യഥാര്‍ത്ഥ കലാശക്കൊട്ട് 19ന് നടക്കുമെന്നുമാണ് പിവി അൻവര്‍ വ്യക്തമാക്കിയത്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ കൂടിയാണ് കൊട്ടിക്കലാശം ഒഴിവാക്കിയതെന്നും പ്രവര്‍ത്തകര്‍ തനിക്കുള്ള വോട്ടുറപ്പിക്കുകയാണെന്നും പിവി അൻവര്‍ പറഞ്ഞു. കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലുമായി തിരിച്ചത് തനിക്കെതിരെയാക്കാനാണെന്നും രണ്ടിടത്തും ഒരുമിച്ച് എത്താനാകില്ലെന്നും പിവി അൻവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam