
മലപ്പുറം: നിലമ്പൂരിൽ സ്ഥാനാർത്ഥിയുടെ പേരില്ലാതെ കോൺഗ്രസ് ചുവരെഴുത്ത് തുടങ്ങി. ആര്യാടൻ ഷൗക്കത്തിനെതിരെ എതിർപ്പ് ശക്തമാകുന്നു എന്ന വിലയിരുത്തലിൽ ജോയിയുടെ പേരും കോൺഗ്രസ് നേതാക്കൾക്കിടയിൽ സജീവമായി ഉയർന്നു. കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും എന്നതാണ് അൻവറിന്റെ നിലപാട് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
വിഎസ് ജോയിക്കായി അൻവർ പിടിവാശി തുടരുകയാണെങ്കിലും ഉപാധികളോടെ ആര്യാടൻ ഷൗക്കത്തിനെ തൃണമൂൽ കോൺഗ്രസ് അംഗീകരിച്ചേക്കും. യുഡിഎഫിൽ ഘടക കക്ഷിയായി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിക്കണം എന്നതാണ് ഇവരുടെ ആവശ്യം. ലീഗിലെ വഹാബ് പി കെ ബഷീർ തുടങ്ങിയ പ്രദേശത്തു നിന്നുള്ള പ്രധാന നേതാക്കൾ ആര്യാടൻ ഷൗക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ സാമുദായിക സംഘടനകൾ പിന്തുണക്കുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട സംശയം. അതിനാൽ തന്നെ ഷൗക്കത്തിന്റെ പേരിനൊപ്പം ജോയിയുടെ പേരും സജീവമാണ്. എന്നാൽ ഷൗക്കത്തിനെ തള്ളിയാൽ ഷൗക്കത്ത് സിപിഎം പാളയത്തിൽ എത്തുമെന്ന് ആശങ്ക കോൺഗ്രസിൽ ശക്തമാണ്.
വിഡി സതീശനും സുധാകരനും ജോയി സ്ഥാനാർത്ഥിയായാലും കുഴപ്പമില്ല എന്ന നിലപാടിലാണ്. എന്നാൽ ഷൗക്കത്തിനെ കൈവിട്ടാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന ചർച്ച അവർക്കിടയിലും സജീവമാണ്. സ്ഥാനാർത്ഥി നിർണയം ആശയക്കുഴപ്പത്തിൽ ആണെങ്കിലും കോൺഗ്രസ് പ്രാദേശിക നേതൃത്വം മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങി. സ്ഥാനാർത്ഥിയുടെ പേരില്ലാതെയാണ് കോൺഗ്രസിന്റെ ചുവരെഴുത്ത്.