
ദില്ലി: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന വാർത്തയോട് പ്രതികരിക്കാതെ കേന്ദ്രം. കൂടുതൽ വിവരങ്ങൾ കിട്ടിയിട്ട് പ്രതികരിക്കാം എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നിമിഷ പ്രിയ കേസില്‍ മൂന്നാം കക്ഷി ഉള്‍പ്പെടുന്നത് ഗുണം ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി.
അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി.
ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ല.