
തിരുവനന്തപുരം: യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടലിലൂടെയെന്ന് മുൻ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. നിരവധി സങ്കീർണതകൾ ഈ സംഭവത്തിലുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
കീം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും ബിജെപി നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായി. പതിനായിരക്കണക്കിന് വിദ്യാർഥികളെ സംസ്ഥാന സർക്കാർ പെരുവഴിയിലാക്കിയെന്നും പ്രവേശന പരീക്ഷയുടെ വിശ്വാസ്യത തകർത്തുവെന്നുമാണ് ആരോപണം. വിദ്യാർഥികളെ നിയമ പോരാട്ടത്തിനു തള്ളി വിട്ട ശേഷം മന്ത്രി മാളത്തിലൊളിച്ചു. കീം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വിദ്യാഭ്യാസ കച്ചവടക്കാർക്ക് വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കസേരയിൽ തുടരാൻ അവകാശമില്ല. ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെടണം. തോന്നും പോലെ മാർക്ക് നൽകാനാണ് സർക്കാർ തീരുമാനം. ഇത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണവുമായി ബന്ധപ്പെട്ട് ദുബായ് കോൺസുലേറ്റുമായി സംസാരിച്ചുവെന്നും കുഞ്ഞിൻ്റെ സംസ്കാരം തടഞ്ഞത് അങ്ങിനെയാണെന്നും പറഞ്ഞ അദ്ദേഹം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ സംസ്ഥാനം നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam