
തൃശൂര്‍:ചുവപ്പുനാടയോട് പൊരുതി ജയിച്ച ഒരു ചെറുപ്പക്കാരനുണ്ട് തൃശൂര്‍ മറ്റത്തൂരിൽ. ലൈസൻസ് ഇല്ലെന്ന് കാട്ടി കമ്പനി പൂട്ടിച്ച പഞ്ചായ ത്തിന് അതേസ്ഥലത്ത് മറ്റൊരു സംരംഭം തുടങ്ങിയാണ് മറ്റത്തൂര്‍ സ്വദേശിയായ അതുൽ കൃഷ്ണ മറുപടി നൽകിയത്. അതുലിന്‍റെ പ്രതികാര കഥ അവിടെയും തീര്‍ന്നില്ല. എല്ലാം കൃത്യമായി പാലിക്കുന്ന പഞ്ചായത്തിന്‍റെ വീഴ്ചകളും പ്രശ്നങ്ങളുമെല്ലാം വീഡിയോ എടുത്ത് ചെയ്യാനും അതുൽ തുടങ്ങി. ഇതോടെ അതുൽ വ്ലോഗറുമായി.
പഞ്ചായത്തിലെ മാലിന്യ പ്രശ്നം, ഹരിത കര്‍മ സേനക്കായി വാങ്ങിയ വാഹനം കട്ടപ്പുറത്തായ വിഷയം തുടങ്ങിയ പഞ്ചായത്തിലെ പ്രശ്നങ്ങളെല്ലാം റീലായി പുറത്തെത്തിക്കുന്ന അതുൽ ഇപ്പോള്‍ നാട്ടിലെ സ്റ്റാറാണ്. പഞ്ചായത്തിന്‍റെ കുറവുകളും വീഴ്ചകളും റീലുകളാക്കി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ കാഴ്ചക്കാരും പിന്തുണയും കൂടി.
24ാം വയസിലാണ് അതുൽ കൃഷ്ണ സംരംഭകനാകുന്നത്. സിവിൽ എഞ്ചിനീയറിങ് പഠിച്ച അതുൽ വീടിന് സമീപം 20 സെന്‍റ് സ്ഥലം വാങ്ങി സോളിഡ് ബ്ലോക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആരംഭിച്ചത്. കമ്പനി തുടങ്ങി 12ാം ദിവസം മലിനീകരണമുണ്ടെന്നും അനുമതിയില്ലെന്നും കാണിച്ച് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകുകയായിരുന്നുവെന്ന് അതുൽ കൃഷ്ണ പറഞ്ഞു.
ഇതോടെ കമ്പനി നിര്‍ത്തി. പിന്നീട് ഇതേ സ്ഥാപനം മാറ്റം വരുത്തി ഇന്‍സ്റ്റിറ്റ്യൂട്ടാക്കി. ഇപ്പോള്‍ 178 വിദ്യാര്‍ത്ഥികളാണ് സ്ഥാപനത്തിൽ പഠിക്കുന്നത്. സിവിൽ എഞ്ചിനിയീറിങ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കൽ അറിവ് പകര്‍ന്നു നൽകുകയെന്ന ലക്ഷ്യവുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കണ്ടു കഴിഞ്ഞാൽ ഒരു കട്ട കമ്പനിയാണെന്ന് തോന്നരുതെന്നും അടിമുടി മാറ്റിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടാക്കിയതെന്നും എല്ലാ വിജയത്തിന്‍റെയും ഓര്‍മക്കായി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമോ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അതുൽ പറഞ്ഞു. ആ സ്റ്റോപ്പ് മെമോയിൽ നിന്നാണ് എല്ലാ വിജയത്തിന്‍റെയും തുടക്കമെന്നും അതുൽ പറയുന്നു.
ഇതിനിടയിലാണ് പഞ്ചായത്തിൽ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ചിട്ടിരിക്കുന്നത് കണ്ടതെന്നും അത് വീഡിയോയി ഇട്ടപ്പോള്‍ ഏറെ പിന്തുണ കിട്ടിയെന്നും പിന്നീട് പഞ്ചായത്ത് ഗ്രൗണ്ടിനെക്കുറിച്ചും ഹരിതകര്‍മസേനയുടെ വാഹനം കാട്ടിലുപേക്ഷിച്ചതുമടക്കം വീഡിയോ ചെയ്തെന്നും അതുൽ പറഞ്ഞു.