കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക.
സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.
സൈജുവിന്‍റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും കർശന നടപടി ഉണ്ടാകും. സൈജുവിന്‍റെ മൊബൈല്‍ ഫോണിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെടുത്തിരുന്നു. ഇവ ലഹരിപ്പാര്‍ട്ടികായിരുന്നെന്നാണ് സൈജു പൊലീസിന് മൊഴി നല്‍കിയത്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും. സൈജു തങ്കച്ചന്‍റെ കൂട്ടാളികളെ ചോദ്യം ചെയ്യും.
സൈജു ചാറ്റുചെയ്ത ആളുകളോട് അന്വേഷണ സംഘത്തിന്‍റെ മുന്നിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ മയക്കുമരുന്നു ഉപയോഗിക്കുന്നതായി കണ്ട മുഴുവന്‍ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. സൈജുവിന‍്റെ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ സൈബര്‍ സെല്‍ പരിശോധനയും നടത്തും.
Read Also: സൈജു ലഹരി അടിമ, സ്ത്രീകളെ ഉപദ്രവിച്ചതിന് സ്വമേധയാ കേസെടുക്കാൻ പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam