Asianet News MalayalamAsianet News Malayalam

Models Death : സൈജു ലഹരി അടിമ, സ്ത്രീകളെ ഉപദ്രവിച്ചതിന് സ്വമേധയാ കേസെടുക്കാൻ പൊലീസ്

സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു.

Kerala Models Accident Death Police To Consider Suo Moto Case Against Saiju Thankachan
Author
Kochi, First Published Nov 30, 2021, 12:07 PM IST

കൊച്ചി: എറണാകുളം വൈറ്റിലയിൽ വച്ച് വാഹനാപകടത്തിൽ മുൻ മിസ് കേരളയും മിസ് കേരള റണ്ണറപ്പുമായ അൻസി കബീറും അഞ്ജന ഷാജനും കൊല്ലപ്പെട്ട കേസിൽ പ്രതിയായ സൈജു തങ്കച്ചൻ ലഹരിക്ക് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു. പാർട്ടികൾക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്‍റെ പതിവാണ്. സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു. 

സൈജു മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. സൈജുവിന് പല ഡിജെ പാർട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചു. 

മോഡലുകൾ കൊല്ലപ്പെട്ട ദിവസം വാക്കുതർക്കം

മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട അന്ന് രാത്രി ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ അൻസിയെയും അഞ്ജനയെയും സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. 

സൈജുവിന് ലഹരി ഇടപാട്

സൈജു പങ്കെടുത്ത ഡിജെ പാർട്ടികളിലടക്കം ലഹരിമരുന്ന് വിതരണം ചെയ്തതായി സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. പാർട്ടിക്ക് വരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു പൊലീസിനോട് പറഞ്ഞു. സൈജുവിന്‍റെ ഫോണിൽ നിന്ന് നിർണായകമായ പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. ഫോണിലെ വീഡിയോകളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ചിത്രങ്ങളിലുള്ള പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സൈജുവിന്‍റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയും അന്വേഷിക്കും. സൈജുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ഇന്‍റീരിയർ ഡിസൈനിൽ ഡിപ്ലോമ മാത്രമുള്ള സൈജുവിന്‍റെ സാമ്പത്തിക വള‍ർച്ച പെട്ടെന്നായിരുന്നു. അടുത്തിടെ സ്വന്തമാക്കിയ ആഡംബര കാറുകളിലായിരുന്നു സൈജുവിന്‍റെ യാത്രകളത്രയും. ലഹരിമരുന്ന് ഇടപാടുകളിലൂടെയാണോ സൈജു ഇതിനൊക്കെയുള്ള പണം സമ്പാദിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം. മോഡലുകളെ പിന്തുടർന്ന സൈജുവിന്‍റെ കാറും വസ്തുക്കളും കോടതയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സൈജുവിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം ഒളിവിൽപ്പോയ സൈജു  തങ്കച്ചന്‍ പിന്നീട് മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ  സമീപിച്ചിരുന്നു. ഇത് ഹൈക്കോടതി തീർപ്പാക്കിയതോടെ ഈ മാസം 26-ന് സൈജുവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാൾ സഞ്ചരിച്ച ഔ‍ഡി കാറും കസ്റ്റഡിയില്‍ എടുത്തു.  നരഹത്യ, സ്തീകളെ അനുവാദമില്ലാതെ പിന്തുടര്‍ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

നവംബർ 1-ാം തീയതി അർദ്ധരാത്രി നടന്ന അപകടത്തിലാണ് മുൻ മിസ് കേരളയും, മിസ് കേരള റണ്ണറപ്പുമായ അൻസി കബീറും ഡോ. അഞ്ജന ഷാജനും വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. ഇരുവരും സ‌ഞ്ചരിച്ച കാർ ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നുപോയി. അൻസിയും അഞ്ജനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിൽ വച്ചും മരിച്ചു. വണ്ടിയോടിച്ചിരുന്ന അബ്ദുറഹിമാൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ ആയ തൃശ്ശൂർ ആളൂർ സ്വദേശി  അഞ്ജന  ഷാജൻ. കേരളത്തിലെ മോഡലിംഗ്, സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അൻസി കബീറും, അഞ്ജന ഷാജനും. 

Follow Us:
Download App:
  • android
  • ios