എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം; അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

By Web TeamFirst Published Feb 14, 2021, 7:04 PM IST
Highlights

നിനിതയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതും ഇൻ്റർവ്യൂവിന് ഉയർന്ന മാർക്ക് നൽകി നിയമനം നൽകിയതും ക്രമ വിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

തിരുവനന്തപുരം: എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയാണ് പരാതി നല്‍കിയത്. നിനിതയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതും ഇൻ്റർവ്യൂവിന് ഉയർന്ന മാർക്ക് നൽകി നിയമനം നൽകിയതും ക്രമ വിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.

യുജിസി നിർദ്ദേശപ്രകാരം 60 മാർക്കാണ് ഇൻറർവ്യൂവിന് ക്ഷണിക്കാനുള്ള കുറഞ്ഞ മാർക്കായി സർവകലാശാല നിശ്ചയിച്ചിട്ടുള്ളത്. ഇന്റർവ്യൂവിൽ പങ്കെടുത്ത മറ്റു ഉദ്യോഗാർത്ഥികൾ  60ൽ  കൂടുതൽ മാർക്കിന് അർഹരായിരുന്നു. നിനിതയ്ക്ക് 60 മാർക്കിനുള്ള അക്കാദമിക് യോഗ്യതകളില്ല. 2017 ൽ പിഎസ്‍സി പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടികയിൽ നിനിതയ്ക്ക് എഴുത്ത് പരീക്ഷയ്ക്ക് 100 ൽ 17.33 മാർക്കും അക്കാദമിക മികവിന് 30 ൽ 19.04  മാർക്കുമാണ് ലഭിച്ചിട്ടുള്ളത്. അതിനുശേഷം പിഎച്ച്ഡി ബിരുദമല്ലാതെ മറ്റൊന്നും  അധിക യോഗ്യതയായി സമ്പാദിച്ചിട്ടില്ല.

യുജിസി അംഗീകരിച്ച പ്രസിദ്ധീകരങ്ങളോ കോളേജ് അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാർത്ഥിയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി   ഒന്നാം റാങ്ക് നൽകുന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ നടപടിയോട് വിയോജിച്ച ഭാഷാ വിദഗ്ധരെ സമൂഹമധ്യത്തിൽ അധിക്ഷേപിക്കുവാൻ    വൈസ് ചാൻസിലർ ശ്രമിച്ചത് ബോധപൂർവമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിയമനത്തെ ന്യായീകരിച്ച് വൈസ് ചാൻസിലർ ഗവർണർക്ക് നൽകിയ വിശദീകരണ കുറിപ്പിൽ നിനിതയുടെ അക്കാദമിക്  സ്കോർ പോയിന്റും ഇന്റർവ്യൂവിന് സെലെക്ഷൻ കമ്മിറ്റി അംഗങ്ങൾ നൽകിയ നൽകിയ മാർക്ക്‌ വിവരങ്ങളും നൽകിയിട്ടില്ലെന്നും വിവാദമായ സാഹചര്യത്തിൽ  പ്രസ്തുത മാർക്കുകൾ  പിഎസ്‍സിയിലേതുപോലെ വെളിപ്പെടുത്താൻ സർവകലാശാല തയ്യാറാകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

click me!