കൈകോർത്ത് പ്രതിരോധിച്ചു: എറണാകുളം ഇനി 'നിപ' വിമുക്തം, യുവാവ് ഇന്ന് ആശുപത്രി വിടും

By Web TeamFirst Published Jul 23, 2019, 11:19 AM IST
Highlights

53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധിതനായ യുവാവ് ഇന്ന് ആശുപത്രി വിടും. ചികിത്സയുടെ ഭാഗമായ ആശുപത്രി ജീവനക്കാരെയും അതിനായി ശ്രമിച്ച മറ്റുള്ളവരെയും ആരോഗ്യമന്ത്രി കെകെ ശൈലജ അഭിനന്ദിച്ചു.

കൊച്ചി: എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ഇന്ന് ആശുപത്രി വിടുന്നത്. ചികിത്സയുടെ ഭാഗമായ ആശുപത്രി ജീവനക്കാരെയും അതിനായി ശ്രമിച്ച മറ്റുള്ളവരെയും ആരോഗ്യമന്ത്രി കെകെ ശൈലജ അഭിനന്ദിച്ചു.

പറവൂർ തുരുത്തിപ്പുറം സ്വദേശിയായ 23 കാരൻ രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി, പത്ത് ദിവസം കൂടി കഴിഞ്ഞാൽ യുവാവിന് കോളേജിൽ പോകാനും പഠനം പുനരാരംഭിക്കാനും സാധിക്കും. ഇദ്ദേഹത്തിന്റെ രക്തസാമ്പിൾ ഫലം ജൂൺ 15 ന് നെഗറ്റീവായിരുന്നു. പിന്നീട് ഒരു മാസത്തിലേറെയായി നിരീക്ഷണത്തിൽ തുടരുകയായിരുന്നു.

യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങൾ കണ്ടവരിലും സാമ്പിള്‍ പരിശോധന നടത്തി, ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ടാം നിപ വൈറസ് ബാധയെ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതെ വിജയിച്ചതിന്‍റെ തൂവൽ കൂടി കേരളത്തിലെ ആരോഗ്യവകുപ്പിന് അവകാശപ്പെടാനാവും.

click me!