
തിരുവനന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജിന്റെ ക്രമക്കേട് പുറത്തുകൊണ്ടുവരാൻ ശ്രമിച്ച വിദ്യാർഥികൾക്ക് കോളേജ് അധികൃതർ പരീക്ഷ ഹാൾ ടിക്കറ്റ് നിഷേധിച്ചതായി പരാതി. മതിയായ ഹാജർ ഇല്ലെന്ന് പറഞ്ഞ് കോളേജ് അധികൃതർ പരീക്ഷ ഫീസ് അടയ്ക്കാൻ അനുവദിച്ചില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഇന്ന് പരീക്ഷ നടക്കാനിരിക്കെയാണ് കോളേജിന്റെ നടപടി.
പത്ത് വിദ്യാർഥികൾക്കാണ് ഹാൾ ടിക്കറ്റ് നിഷേധിച്ചത്. കോളേജ് അധികൃതർ ഹാജർ പട്ടികയിൽ തിരുത്തൽ വരുത്തിയെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. കോളേജിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാർഥികൾക്കിടയിൽ ഉയരുന്നത്. അതേസമയം, വിദ്യാർത്ഥികൾക്ക് ഹാജർ കുറവാണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
മാനേജ്മെന്റിനെതിരെ കേസ് കൊടുത്ത വിദ്യാർഥികൾ മുഴുവൻ ക്ലാസുകളിലും ഹാജരായിട്ടുണ്ട്. രണ്ട് ഇന്റേണൽസിലും നാല് വിഷയങ്ങളിലും കേസ് കൊടുത്ത കുട്ടികൾ പാസായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെയും കുഹാസിനെയും ബന്ധപ്പെട്ടിരുന്നു. തെളിവുകൾ സഹിതം കുഹാസിനെ ഇതിന് മുമ്പും സമീപിച്ചിരുന്നതായും കോളേജിനെതിരെ പരാതിപ്പെട്ട വിദ്യാർഥിനികളിൽ ഒരാളായ ആര്യ പറഞ്ഞു.
ഹാജർ പട്ടികയിൽ ക്രമക്കേട് കാണിച്ചാണ് അധികൃതർ ഹാൾ ടിക്കറ്റ് നിഷേധിച്ചത്. ആരോഗ്യമന്ത്രിക്കും ആരോഗ്യ സർവകലാശാലയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. അതേസമയം, വിദ്യാർഥികളുടെ പരാതിയിൽ കാര്യമുണ്ടായിരിക്കുമെന്ന് ആരോഗ്യ സർവകലാശാല പ്രോ-വൈസ് ചാൻസിലർ ഡോ.എ നളിനാക്ഷൻ പ്രതികരിച്ചു.
വിദ്യാർഥികൾക്കിടയിൽ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. ഒരു കൂട്ടം വിദ്യാർഥികൾ പറയുന്നത് ക്ലാസ്സും ഇൻ്റേണൽ അസസ്മെന്റും നടക്കുന്നുണ്ടെന്നാണെങ്കിൽ മറ്റൊരു സംഘം വിദ്യാർഥികൾ ഇതിനെ എതിർക്കുകയാണ് ചെയ്യുന്നത്. പ്രിൻസിപ്പാൾ ഹാജരാക്കിയ ഹാജർ അവസാന നിമിഷത്തിൽ സർവകലാശായ്ക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാല്‍, അന്വേഷണം നടത്തി നീതിയുക്തമായിട്ടുള്ള നടപടി സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമേയം, വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് നിഷേധിച്ച സംഭവം അറിയില്ലെന്ന് ആരോഗ്യ മന്ത്രി ശൈലജ പറഞ്ഞു. സംഭവത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. എത്രയും പെട്ടെന്ന് കോടതിയുമായി ബന്ധപ്പെടുകയും അഭിഭാഷകനെ സമീപിച്ച് അടിയന്തിരമായി ചെയ്യാൻ കഴിയുന്നത് ചെയ്യുകാ എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam