സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വേനൽ മഴ ശക്തമായി തുടരുന്നു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ ദിവസങ്ങളിൽ മഴ കിട്ടുന്നത്. ഇന്നും നാളെയും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്.