
കോഴിക്കോട്: സർക്കാർ ധനസഹായം പ്രഖ്യാപിച്ചതോടെ ആശ്വാസത്തിലാണ് നിപ്പ ബാധിച്ച് കോമയിലായ ആരോഗ്യ പ്രവർത്തകൻ ടിറ്റോയുടെ കുടുംബം. 17 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ടിറ്റോയ്ക്കായി അനുവദിച്ചത്. സർക്കാർ നൽകുന്ന തുക ഉപയോഗിച്ച് വിദഗ്ധ ചികിത്സ നൽകി ടിറ്റോയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായി മംഗലാപുരത്ത് നിന്നും കോഴിക്കോട് നഴ്സായി ജോലിക്കെത്തിയതാണ് ടിറ്റോ. സ്വകാര്യ ആശുപത്രിയിൽ രോഗീ പരിചരണത്തിനിടെ 2023 ഓഗസ്റ്റിൽ നിപ സ്ഥിരീകരിച്ചു. രോഗ മുക്തി നേടി തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ശക്തമായ തലവേദന വില്ലനായെത്തി. പിന്നാലെയാണ് നിപ എൻസെഫലൈറ്റിസ് സ്ഥിരീകരിക്കുന്നത്. 20 മാസമായി കോമയിലാണ് ടിറ്റോ. ജോലി ചെയ്ത സ്വകാര്യ ആശുപത്രി സൗജന്യമായി ചികിത്സ നടത്തുന്നുണ്ടെങ്കിലും സർക്കാർ നൽകിയ ധനസഹായം തുടർചികിത്സയ്ക്ക് ആശ്വാസമാണെന്ന് കുടുംബം പറയുന്നു.
കൂടുതൽ സൗകര്യമുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ടിറ്റോയുടെ ചികിത്സ മാറ്റണമെന്ന ആഗ്രഹം കുടുംബത്തിനുണ്ട്. ഇനിയങ്ങോട്ടും സർക്കാരിന്റെ പിന്തുണ വേണം. ഇരുപത് മാസമായി ടിറ്റോയ്ക്ക് താങ്ങായി അമ്മയും അച്ഛനും ആശുപത്രിയിൽ തന്നെ ഉണ്ട്. മകന്റെ തിരിച്ചുവരവും കാത്ത്.