നാലര മാസത്തെ വിദഗ്ധ പരിചരണത്തിന് ശേഷം 42 വയസുകാരി മഞ്ചേരി മെഡിക്കല്‍ കോളേജ് വിട്ടു, നിപ അതിജീവിത ജീവിതത്തിലേക്ക്

Published : Nov 21, 2025, 11:11 PM IST
malappuram nipah

Synopsis

നാലര മാസത്തെ തീവ്രപരിചരണത്തിന് ശേഷം നിപ അതിജീവിതയായ 42-കാരിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അബോധാവസ്ഥയിലായിരുന്ന രോഗി, വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.  

മഞ്ചേരി: നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലാണ് ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കിയത്. ദീര്‍ഘകാലം വിദഗ്ധ ചികിത്സ ഉറപ്പാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ജൂലൈ മാസം നാലാം തീയതിയാണ് നിപ ബാധിതയെ ഇഎംഎസ് ആശുപത്രിയില്‍ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വന്നത്. ആ സമയത്ത് രോഗി പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു. ഇടക്കിടക്ക് അപസ്മാരവും രക്തസമ്മര്‍ദം കുറയുകയും ചെയ്തിരുന്നു. രോഗിക്ക് ആവശ്യമായ ഐസൊലേഷന്‍ റൂമും ഒരു ലക്ഷത്തോളം വിലവരുന്ന ആല്‍ഫാ ബെഡ് ഉള്‍പ്പടെയുള്ള മറ്റെല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരുന്നു.

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി രോഗിയെ നേരിട്ട് കാണുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ രാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവരുടെ ഏകോപനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഉറപ്പാക്കിയത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിന്റെ കീഴിലായി ഡോ. പ്രവീണ്‍ എം, ഡോ. സൂരജ് ആര്‍കെ, ഡോ. ഷിജി പിവി, ഡോ. നിഖില്‍ വിനോദ്, ഡോ. കാജ ഹുസൈന്‍, ഡോ. ഹര്‍ഷ വെള്ളൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ടീം രൂപീകരിച്ചത്. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ജോണ്‍സി തോമസിന്റെ നേതൃത്വത്തിലുള്ള നഴ്‌സിംഗ് ടീമും ഡോ. സാദിക്കലി എംടിയുടെ നേതൃത്വത്തിലുള്ള ഫിസിയോതെറാപ്പി ടീമും രോഗിക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കി.

ഡോക്ടര്‍മാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും മറ്റു അനുബന്ധ ജീവനക്കാരുടെയും നിരന്തരമായ പരിചരണത്തിന്റെ ഫലമായി ഏകദേശം 2 മാസത്തിന് ശേഷം രോഗി ബോധം വീണ്ടെടുത്തു. പിന്നീടുള്ള ആഴ്ചകളില്‍ രോഗിയുടെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയും രോഗി ആളുകളെ തിരിച്ചറിയാന്‍ തുടങ്ങുകയും കൈ കാലുകള്‍ ചലിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി രോഗി സംസാരിക്കാന്‍ ശ്രമിക്കുകയും സാധാരണ രീതിയിലുള്ള ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് കൂടി രോഗിയ്ക്ക് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതിനായുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ലഭ്യമാക്കിയാല്‍ നന്നായിരിക്കുമെന്ന് തീരുമാനിച്ചു. അതിനാലാണ് രോഗിക്ക് വിദഗ്ധ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കിയത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം