
തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ. തൃക്കണ്ണാപുരം സ്വദേശി പാർവ്വതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഈ മാസം പതിമൂന്നാം തീയതിയാണ് തിരുമല സ്വദേശി സോമരാജിനെ വീട്ടിൽ കയറി ഒരു സംഘം മർദ്ദിച്ചത്. ഭാര്യ മരിച്ചതോടെ തിരുമല പുല്ലുവിളാകത്തെ വീട്ടിൽ സോമരാജ് ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ഒരു വർഷമായി സോമരാജിന്‍റെ വീടിന്‍റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് പാർവ്വതിയും കുടുംബവും. കുറച്ച് നാളുകളായി വാടകതുക പാർവ്വതി സോമരാജിന് നൽകാറില്ലായിരുന്നു. ഒപ്പം പലപ്പോഴായി ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപയും സോമരാജിൽ നിന്ന് കടം വാങ്ങിയിരുന്നു. ഈ തുകയും വാടകയും നൽകി വീട് ഒഴിഞ്ഞ് തരണമെന്ന് സോമരാജ് ആവശ്യപ്പെട്ടെങ്കിലും പാർവ്വതി തയ്യാറായില്ല. പിന്നാലെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ സോമരാജ് പരാതി നൽകിയിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് പാർവ്വതി സുഹൃത്തായ മുഹമ്മദ് സുഹൈലിന് ക്വട്ടേഷൻ നൽകിയത്.
50,000 രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. സോമരാജിന്‍റെ കൈയ്യും കാലും തല്ലി ഒടിക്കണം എന്നതായിരുന്നു ആവശ്യം. പിന്നാലെ സുഹൈൽ കഴിഞ്ഞ പതിമൂന്നാം തീയതി സുഹൃത്തുക്കളായ ആദിലിനെയും ഫാസിലിനെയും കൂട്ടി സോമരാജിന്‍റെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും ചുറ്റിക ഉപയോഗിച്ച് ഇയാളുടെ തലയിലും മുഖത്തും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നാലെ പ്രതികൾ ഇവിടെ നിന്ന് സ്കൂട്ടറിൽ രക്ഷപെട്ടു. പരിക്കേറ്റ സോമരാജിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ പരിചയം ഇല്ലാത്തതിനാൽ തന്നെ ആരാണ് ഉപദ്രവിച്ചതെന്ന് സോമരാജിനോ നാട്ടുകാർക്കോ അറിയില്ലായിരുന്നു. പിന്നാലെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്വട്ടേഷൻ നൽകിയത് പാർവ്വതിയാണെന്ന വിവരം പ്രതികൾ പൊലീസിനെ അറിയിച്ചത്. തുടർന്ന് പാർവ്വതിയെയും കസ്റ്റഡിയിലെടുത്തു. പണം തിരികെ ചോദിച്ചതിന്‍റെയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെയും വൈരാഗ്യത്തിലാണ് ക്വട്ടേഷൻ നൽകിയതെന്ന് പാർവ്വതി മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam